കാൺപുർ: ഉത്തർപ്രദേശിലെ കാൺപുരിൽ കുടിയൊഴിപ്പിക്കലിനെതിരേ പ്രതിഷേധിച്ച അമ്മയും മകളും തീ കൊളുത്തി മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം.
സബ് ഡിവിഷണൽ മജിസ്ട്രേറ്റ്, സബ് ഇൻസ്പെക്ടർ, നാല് റവന്യു ഉദ്യോഗസ്ഥർ, പോലീസ് കോൺസ്റ്റബിൾമാർ തുടങ്ങി 39 പേർക്കെതിരേ കൊലക്കുറ്റമുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു.
മദൗലി സ്വദേശികളായ പ്രമീള ദീക്ഷിത് (45), മകൾ നേഹ (20)എന്നിവരാണ് പോലീസും ഉദ്യോഗസ്ഥരും നോക്കിനിൽക്കേ കുടിലിനു മുന്നിൽ തീ കൊളുത്തി മരിച്ചത്.
ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ റൂറൽ ഹൗസ് ഓഫീസർ ദിനേശ് ഗൗതം, പ്രമീളയുടെ ഭർത്താവ് ജെൻഡൻ ലാൽ എന്നിവർക്കു പൊള്ളലേറ്റിരുന്നു.
സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ജ്ഞാനേശ്വർ പ്രസാദിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. കുടിയൊഴിപ്പിക്കലിനായി ഉപയോഗിച്ച ജെസിബി പിടിച്ചെടുത്തതായി ഐജി പ്രശാന്ത് കുമാർ പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി നാട്ടുകാർ വിട്ടുകൊടുത്തില്ല.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്താതെ പോസ്റ്റ്മോർട്ടം നടത്താനാവില്ലെന്നും അഞ്ചുകോടി രൂപയും മരിച്ചവരുടെ കുടുംബത്തിലെ രണ്ടുപേർക്ക് സർക്കാർ ജോലിയും നല്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ വൻ പോലീസ് സംഘത്തെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്.
കാൺപുർ റൂറൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ദിനേശ് ഗൗതമിനെതിരേ നടപടിയുണ്ടാവുമെന്ന് ഐജി പറഞ്ഞു.
ജനത്തെ കൊലയ്ക്കുകൊടുക്കുന്ന ഭരണകൂടമാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് സമാജ്വാദി പാർട്ടി ആരോപിച്ചു.
ഇരയുടെ കുടുംബത്തിനു നീതി ലഭിക്കുന്നതുവരെ ശബ്ദമുയർത്തണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. ഗ്രാമസമാജത്തിന്റെ ഭൂമി കൈയേറിയെന്നാരോപിച്ചായിരുന്നു കുടിയൊഴിപ്പിക്കൽ.