പാലാ: കലുങ്കിനു താഴെ കണ്ടെത്തിയ വയോധികയുടെ മൃതദേഹം മാവേലിക്കര സ്വദേശിനിയുടേതെന്നു തിരിച്ചറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മകൻ പിടിയിൽ.
മാവേലിക്കര ചെട്ടിക്കുളങ്ങര അമലാ ഭവനിൽ പരേതനായ ബേബിയുടെ ഭാര്യ അമ്മുക്കുട്ടി (76) ആണ് മരിച്ചത്. ഇവരുടെ ഇളയ മകൻ അലക്സ് ബേബിയെ(46) ആണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണു പാലാ തൊടുപുഴ സംസ്ഥാന പാതയിൽ കാർമൽ ജംഗ്ഷന് എതിർവശത്തെ കലുങ്കിനു സമീപം മൃതദേഹം കണ്ടെത്തിയത്.
അമ്മുക്കുട്ടിയും മകൻ അലക്സും ചിങ്ങവനത്തെ സ്വകാര്യ ലോഡ്ജിലാണ് താമസിച്ചിരുന്നത്. പിതാവ് ബേബി 10 വർഷം മുന്പ് മരിച്ചതിനു ശേഷം സ്വന്തം നാടായ മാവേലിക്കരയിലെ വസ്തുക്കൾ വിറ്റ അവിവാഹിതനായ അലക്സ് അമ്മയെയും കൂട്ടി മറ്റിടങ്ങളിലാണു താമസിച്ചിരുന്നത്.
വാഹനബ്രോക്കറായി ജോലി ചെയ്യുന്ന ഇയാൾ രണ്ടര വർഷമായി ചിങ്ങവനത്തു സ്വകാര്യ ലോഡ്ജിലായിരുന്നു താമസം. കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെ അമ്മുക്കുട്ടി മരിച്ചു.
രാത്രി ഒൻപതോടെ മൃതദേഹം ലോഡ്ജ് മുറിയിൽനിന്നെടുത്ത് അല്ക്സ് സ്വന്തം കാറിൽ കയറ്റുകയായിരുന്നു. ലോഡ്ജ് ജീവനക്കാരോട് അമ്മയ്ക്ക് അസുഖമാണെന്നും ആശുപത്രിയിലേക്കു കൊണ്ടുപോവുകയാണെന്നും പറഞ്ഞു. മൃതദേഹം കാറിലിരുത്തി പല സ്ഥലത്തും കറങ്ങി.
പുലർച്ചെ പാലാ- തൊടുപുഴ റോഡിൽ കലുങ്കിനോട് ചേർന്നുള്ള ചെടികൾ നിറഞ്ഞ ഓടയിൽ തള്ളുകയായിരുന്നു. മൃതദേഹം സംസ്കരിക്കാൻ സൗകര്യമില്ലാത്തതിനാലാണ് ഉപേക്ഷിച്ചതെന്നു പിടിയിലായ അലക്സ് പോലീസിനോടു പറഞ്ഞത്.
മൃതദേഹം തള്ളിയ ശേഷം കുമളി റൂട്ടിൽ ഏറെ ദൂരം സഞ്ചരിച്ചതിനു ശേഷം തിരികെ പാലായിലെത്തി പേ ആൻഡ് പാർക്കിൽ വണ്ടി പാർക്കു ചെയ്തു ലോഡ്ജിൽ തങ്ങി.രണ്ടു ദിവസമായിട്ടും വിവരമൊന്നും ലഭിക്കാത്തതിനെത്തുടർന്ന് പോലീസ് അന്പേഷണം ഉൗർജിതമാക്കിയിരുന്നു.
സി.സി.ടി.വി ദൃശൃങ്ങളിൽനിന്നു സംശയം തോന്നിയ കാറിനെ ചുറ്റിപ്പറ്റി അന്വേക്ഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിൽ കാർ പാലായിലുണ്ടെന്നു വിവരം ലഭിച്ചു. പോലീസ് സംഘം പാർക്കിംഗ് മൈതാനിയിലെ ജീവനക്കാരുടെ വേഷത്തിൽ കാത്തുനിന്നു.
ഞായറാഴ്ച കാർ എടുക്കാനായി അലക്സ് എത്തിയപ്പോൾ പിടികൂടുകയായിരുന്നു.അലക്സിന്റെ സഹോദരൻ ഗൾഫിൽ ജോലിയിലാണ്. അദ്ദേഹം എത്തിയശേഷം മൃതദേഹം വിട്ടുകൊടുക്കും.
കോട്ടയം എസ്പിയുടെ നിർദേശ പ്രകാരം പാലാ ഡി.വൈ. എസ് പി. ഷാജിമോൻ ജോസഫ്, സി.ഐ. വി.എ. സുരേഷ്, പോലീസ് ഉദ്യോഗസ്ഥരായ തോമസ് സേവ്യർ, മാണി പി.കെ., അബ്ബാസ് പി.എ. ,ഷാജിമോൻ പി.വി .എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.
ഇന്നലെ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ചു തെളിവെടുത്തു. ഐപിസി 304 വകുപ്പു പ്രകാരമാണ് കേസ്. മൃതദേഹത്തോട് അനാദരവ് കാട്ടിയതിനും ചികിത്സ നൽകാത്തതിനും കേസുണ്ട്.