പാലക്കാട്: മാത്തൂർ പല്ലഞ്ചാത്തന്നൂരിൽ അമ്മയെയും രണ്ടു മക്കളെയും വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കുഴൽമന്ദം മാത്തൂർ പല്ലഞ്ചാത്തനൂർ കേനംകാട് മഹേഷിന്റെ ഭാര്യ കൃഷ്ണകുമാരി(32)യെ വീടിനുള്ളിൽ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലും അഞ്ചുവയസായ മകൻ ആഗ്നേഷിനെ തൊട്ടടുത്ത കിടപ്പുമുറിയിലും, അഞ്ചുമാസം മാത്രം പ്രായമുള്ള ആഗ്നേയ എന്ന കുഞ്ഞിനെ തൊട്ടിലിൽ മരിച്ചനിലയിലുമാണു കണ്ടത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
കൂലിപ്പണിക്കാരനായ മഹേഷ് ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തിയപ്പോഴാണ് മുൻവശത്തെ കിടപ്പുമുറിയിൽ മകൻ ആഗ്നേഷ് കട്ടിലിൽ കമിഴ്ന്നുകിടക്കുന്നതു കണ്ടത്. കൊച്ചുകുഞ്ഞ് പൂമുഖത്തെ തുണിത്തൊട്ടിലിലും കിടക്കുന്നതുകണ്ടു.
ഭാര്യയെ വിളിച്ച് വീടിനു ചുറ്റും നടന്നെങ്കിലും കണ്ടില്ല. വീണ്ടും അകത്തുചെന്നു മകനെ വിളിച്ചുണർത്താൻ ശ്രമിച്ചപ്പോഴാണ് മകന്റെ വായയിൽ നിന്നു നുരയും പതയും വരുന്നതു കാണുന്നത്.
ഉടൻ പുറത്തിറങ്ങി ബഹളംവച്ച് ആളുകളെ വിളിച്ചുകൂട്ടി. തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന മഹേഷിന്റ അമ്മയും ബഹളം കേട്ട് വീട്ടിനുള്ളിലേക്കു വന്നു.
അപ്പോഴാണ് കൃഷ്ണകുമാരിയെ വീട്ടിനകത്തെ വേറൊരു കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്. ഉടൻതന്നെ തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിനെ ശ്രദ്ധിച്ചപ്പോൾ കുഞ്ഞ് അനക്കമില്ലാതെ കിടക്കുകയായിരുന്നു. കുഞ്ഞിന്റെ വായയിൽനിന്നും നുരയും പതയും വന്നിരുന്നു.
രണ്ടു കുഞ്ഞുങ്ങളേയും ഓട്ടോറിക്ഷയിൽ കുഴൽമന്ദം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലത്തൂർ കാവശേരിയിലാണ് കൃഷ്ണകുമാരിയുടെ വീട്. പാലക്കാട് ഡിവൈഎസ്പി ഷാജി എബ്രഹാം, ആലത്തൂർ താലൂക്ക് തഹസിൽദാർ കെ. ബാലകൃഷ്ണൻ, കുഴൽമന്ദം സിഐ രാമദാസ്, എസ്ഐ എ. അനൂപ് ജോണ്സണ്, കോട്ടായി സിഐ വിപിൻ എന്നിവർ വീട്ടിലെത്തി മേൽനടപടികൾ സ്വീകരിച്ചു.
മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനുശേഷമേ കുട്ടികളുടെ മരണകാരണം വ്യക്തമായി പറയാൻ കഴിയൂവെന്നു പൊലീസ് പറഞ്ഞു.കുഴൽമന്ദം പോലീസ് കേസെടുത്തു.