അമ്മയുടെ ബംഗളൂരു യാത്രയെക്കുറിച്ച് യുവാവ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ബംഗളൂരുവിലെ ഏതോ തെരുവിൽ ത്രീ ഫോർത്തു പാന്റുമിട്ട് നിൽക്കുന്ന സ്ത്രീ തന്റെ അമ്മയാണെന്ന് തനിക്ക് വിശ്വാസം വരുന്നില്ലെന്ന് ഡെന്നി പി മാത്യു കുറിക്കുന്നു.
പോസ്റ്റിന്റെ പൂർണരൂപം
ആ ത്രീ ഫോർത്തു പാന്റുമിട്ട് ബാങ്കളൂരിലെ ഏതോ തെരുവില്‍ നിൽക്കുന്ന സ്ത്രീ എന്റെ അമ്മയാണെന്ന് എനിക്ക് വിശ്വാസം വന്നില്ല.
32 വർഷത്തെ ജീവിതത്തിനിടയിൽ ഒന്നുകിൽ സാരി, ചുരിദാർ അല്ലെങ്കിൽ നൈറ്റി. ഇതിപ്പോ കണ്ടമാത്രയിൽ ഞാൻ ഞെട്ടി. എന്റമ്മേ !!!
സാലിസ്ബറിയില്‍ കറിക്കു അരിഞ്ഞു കൊണ്ടു നിൽക്കുമ്പോഴാണ് വാട്സ്ആപ്പിൽ പെങ്ങളുടെ മെസ്സേജ് വന്നത് .
“അച്ചായാ അമ്മി അവിടെ അടിച്ചു പൊളിക്കുവാ. ഇത് കണ്ടോ ? “
താഴെ അമ്മയും ആന്റിയും കൂടി നിൽക്കുന്ന ഫോട്ടോ. തൊപ്പി , പാന്റ് , ടീഷർട്ട് .
ഒഹ് എന്റമ്മ ‘വഴി തെറ്റിപ്പോയിരിക്കുന്നു.’
മടിച്ചു മടിച്ചാണ് അമ്മയെന്നോട് അന്ന് ആ ചോദ്യം ചോദിച്ചത് . “ഡെന്നി കുവെയ്റ്റിൽ നിന്ന് മേഴ്സി അവധിക്ക് വരുന്നുണ്ട് . ബാഗ്ലൂർ പഠിക്കുന്ന മോളെ കാണാൻ അവൾ പോകുമ്പോൾ ഞാനും കൂടി പൊയ്ക്കോട്ടേ ?”
അമ്മയുടെ ഉപ്പാപ്പന്റെ മകളാണ് ഈ കക്ഷി. രണ്ടു പേരും മേഴ്സി.
“കൊറോണയൊക്കെയല്ലേ ഇപ്പൊ ഈ യാത്ര സേഫ് ആണോ അമ്മാ ?”
“ഞാൻ ശ്രദ്ധിച്ചൊളാം. ഇപ്പൊ പോയില്ലെങ്കിൽ ഇങ്ങനെയൊരു യാത്ര നടക്കില്ല. നിന്റെ അപ്പന്റെ കൂടെയല്ലാതെ ഒരു യാത്ര ഞാൻ പോയിട്ടെത്ര കാലമായി. നിനക്കറിയില്ലേ .
അപ്പായുടെ കാര്യം . എവിടേലും പോയാൽ തന്നെ തിരക്കാണ് , സ്വസ്ഥത തരത്തില്ല.”
ശരിയാണ് അപ്പന്റെ കാര്യം എനിക്കറിയാം. അപ്പന് ആകുലതയാണ്. തിരിച്ചു വീടെത്തും വരെ സ്വസ്ഥതയില്ലാതെ തിടുക്കപ്പെട്ടുകൊണ്ടേയിരിക്കും.
അപ്പനൊരിക്കലും കാഴ്ചകളെ ആസ്വദിക്കുന്നത് കണ്ടിട്ടില്ല. ലക്ഷ്യം മാത്രമല്ലാതെ വഴിയിലെ കാഴ്ചകളിലൊന്നും കണ്ണുവെക്കാത്ത പ്രകൃതം.
യാത്ര ക്ഷീണമാവില്ലെങ്കിൽ ആത്മവിശ്വാസമുണ്ടെങ്കിൽ ഒന്നും നോക്കണ്ട പോയിട്ടുവാരാൻ ഞാൻ പറഞ്ഞു. വീട്ടിലെല്ലാവരോടും ഇതിനോടകം അമ്മ വിഷയം അവതരിപ്പിച്ചു കഴിഞ്ഞിരുന്നു.
അങ്ങനെയൊരു വെള്ളിയാഴ്ച്ച വൈകുന്നേരം ട്രിവാൻഡ്രം നിസാമുദീൻ രാജധാനി എക്സ്പ്രസ്സ് കയറി അമ്മ നാടുവിട്ടു.
ഇടയ്ക്കിടയ്ക്ക് വാട്സ്ആപ്പിൽ അമ്മയോരോ ഫോട്ടോ അയക്കും. ജോലിക്കിടയിൽ ഞാനത് കാണുന്നുണ്ടായിരുന്നു.
പിന്നീടുള്ള രണ്ടുദിവസം അമ്മ പരിധിക്കു പുറത്തായിരുന്നു. സമൃദ്ധി ഹോട്ടലിൽ നിന്ന് കഴിക്കുവാണെന്നു പറഞ്ഞു പാത്രവും കവിഞ്ഞിരിക്കുന്നൊരു മസാലദോശയുടെ പടം എനിക്കയച്ചു തന്നു.
അമ്മ ഇപ്പോഴും ഫോട്ടോ എടുക്കാൻ പഠിച്ചിട്ടില്ല. ദോശയുടെ പടമെടുത്താൽ അടുത്തിരിക്കുന്ന കസേര കൃത്യമായി പതിയും.
പിന്നൊരു അപകടം കോള്‍ ചെയ്യുമ്പോഴാണ് . വിളിച്ചു കഴിഞ്ഞാലും കട്ട് ചെയ്യാതെ അവിടുന്ന് പറയുന്നതൊക്കെ പലപ്പോഴും ബാക്കി കേൾക്കാം.
ഒരുപാടുവട്ടം ഞങ്ങൾ അമ്മയെ വഴക്കു പറഞ്ഞിട്ടുണ്ട്. വല്ല ബന്ധുക്കാരെയും വിളിച് അമ്മ ഫോൺ കട്ടാക്കാതെ അഭിപ്രായം പറയാൻ തുടങ്ങും.
അമ്മ കരുതുന്നത് ഫോൺ കട്ടായി എന്ന് തന്നെയാണ് . അല്ലെങ്കിൽ തന്നെ സന്തോഷമായി ജീവിക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ട് പിണങ്ങിപ്പോയ ഒരുപാട് ബന്ധുക്കൾ ഞങ്ങൾക്കുണ്ട്. ഇതുകൂടെയാവുമ്പോൾ പറയണ്ടല്ലോ.
എനിക്ക് അവധിയായിരുന്നു അന്ന് . കട്ടൻ കാപ്പിയുമിട്ട് പാട്ടും വച്ചു ഞാൻ ജനാലക്കരികിലിരുന്നു . നാട്ടിലേക്ക് ഫോൺ വിളിച്ചു. മടങ്ങി വന്ന അമ്മ യാത്രയെപ്പറ്റി പറയാൻ തുടങ്ങി.
“എന്റെ ഡെന്നിമോനെ എന്നാ ഒരു യാത്രയായിരുന്നെന്നറിയുമോ . രണ്ടു ദിവസം അടിച്ചു പൊളിച്ചു. ഉഡുപ്പി മംഗലാപുരം മണിപ്പാലൊക്കെ കൂടി കുറെ നടന്നു.”
“കൊച്ചിന്റെ ഹോസ്റ്റലിലാണോ താമസിച്ചത് ?”
“അല്ല , അവിടെ സമ്മതിക്കൂല്ലാർന്നു . പിന്നെ വെളിയില്‍ ഒരു ലോഡ്ജിൽ മുറിയെടുത്തു.”
“പേടിയില്ലാരുന്നോ അമ്മ ?”
“ഓറഞ്ചു വെളിച്ചമുള്ള ഇടുങ്ങിയ തെരുവുകളിലൂടെ നടക്കുമ്പോൾ ഭയമുണ്ടെങ്കിലും ബാഗിനുള്ളിൽ ഒരു തോക്കോളിപ്പിച്ചു വച്ചിട്ടുണ്ട് എന്ന മട്ടിലങ്ങു നടന്നു. ഒരിക്കൽ പോലും ഒരു മോശം അനുഭവം ഉണ്ടായിട്ടില്ല കേട്ടോ.
ലോഡ്ജിലെ വാടക കേട്ടപ്പോൾ ഞാൻ വേറൊരിടത്തു കൂടി തിരക്കാമെന്നു അവളോട് പറഞ്ഞതാ. പക്ഷെ അവള് കേട്ടില്ലടാ.
ഒരു മടിയുമില്ലാതെയാ അവള് പൈസ ചിലവാക്കുന്നത്. കുറ്റം പറയാനൊക്കുകേല എത്ര വർഷം കൂടിയാണ് അവള് നാട്ടിൽ വരുന്നത്. വീടിന് വേണ്ടി മാത്രം ജീവിച്ചൊരു പെണ്ണ്.”
“ഉഡുപ്പിയില്‍ ബോട്ടിങ്ങിനു പോയി. ബാഗും ഫോണുമൊക്കെ അവരുടെ ഷെൽഫിൽ വച്ചിട്ടുവേണം ബോട്ടിൽ കയറാൻ. ഞാൻ വെച്ചു . പക്ഷെ അവള് സമ്മതിച്ചില്ല.”
പിന്നെ സാധനങ്ങള്‍ കടലിൽ പോയാൽ ഞങ്ങൾക്ക് ഉത്തരവാദിത്തം ഇല്ലെന്നു പറഞ് അവര്‍ ബോട്ടിൽ കയറാൻ സമ്മതിച്ചു .
ബാഗും നെഞ്ചോടു ചേർത്തു പിടിച്ചു ബോട്ടിൽ കയറി. എന്റെ ഡെന്നി , ആദ്യത്തെ ഒറ്റ മിനിറ്റിൽ തന്നെ ബാഗൊക്കെ നനഞ്ഞു കുതിർന്നു.
“പക്ഷെ ആ യാത്ര എന്നാ രസാ? ആദ്യം പേടിയാർന്നു . പിന്നെ കുറെ അങ്ങ് കടലിലെത്തുമ്പോൾ റോഡിലൂടെ പോകുന്ന അതെ അനുഭവമേ ഉള്ളു.
വല്ലാത്തൊരു ശാന്തതയാ കടലിന്. ഒച്ചയും ബഹളവുമൊക്കെ ഇങ്ങു കരയിലാ.”
“വെറുതെയാണോ അന്ന് ഒരുകോടിയില്‍ വന്ന ആനന്ദ് ടോമി കടലിൽ പോകുന്നതിനെപ്പറ്റി അത്രയും ആർത്തിയോടെ സംസാരിച്ചത് !”
“ആനന്തല്ല അമ്മ , അഭിലാഷ് ടോമി”
“ആ അത് തന്നെ.”
അമ്മ ഒരു കുഞ്ഞിനെപ്പോലെ ആവേശം കൊള്ളുന്നത് ഞാൻ കണ്ടു.
“കാശിനൊക്കെ ഞെരുക്കമായിരിക്കുന്ന ഈ നേരത്തു നിന്നോടത് പറയാൻ എനിക്ക് മടിയായിരുന്നു ഡെന്നി. അമ്മ അടിച്ചു പൊളിച്ചു നടക്കുന്നു .
നീയെവിടെ കിടന്നു കഷ്ടപ്പെടുന്നു . പക്ഷെ നീ ഒന്നും എതിർത്ത് പറയാതിരുന്നപ്പോൾ എനിക്ക് വിഷമവും സന്തോഷവും ഒക്കെ തോന്നി.”
“എന്റെപൊന്നമ്മേ , കാലം മാറി അമ്മമാര്‍ രാമനാമവും ജപിച്ചു ഒതുങ്ങിക്കഴിയണം എന്ന് വാശിപിടിക്കുന്ന തലമുറയൊന്നുമല്ല ഇന്ന്.”
“ആയകാലത്തു നീ തന്ന സ്വാതന്ത്ര്യമൊക്കെ നിനക്ക് തിരികെ തരികയാണ് ഞങ്ങൾ. ഞാനോർക്കുന്നു : രാത്രി 10 മണിക്ക് കാപ്പികുടിക്കാൻ കുട്ടിക്കാനം വരെ പോകുന്ന കാര്യം പറഞ്ഞപ്പോൾ അപ്പാ വഴക്കുപറഞ്ഞു. പക്ഷെ നീ അന്ന് ഞങ്ങളെ സപ്പോർട് ചെയ്തതിന്റെ പേരിൽ കുറെ വഴക്കു കേട്ടു . ഞാനൊന്നും മറന്നിട്ടില്ല അമ്മ.”
“എത്ര പൈസ വേണമെങ്കിലും നിനക്ക് ഞാൻ അയച്ചു തരും. അതുകഴിഞ്ഞൊള്ള സമ്പാദ്യമൊക്കെ മതി എനിക്ക്. ഒരുപാട് ഉണ്ടായിട്ടൊന്നുമല്ല, പക്ഷെ എല്ലാം തികയുന്നോരു കാലം മനുഷ്യനുണ്ടോ”
ഞങ്ങൾക്ക് വേണ്ടി മാത്രം ജീവിച്ച സ്ത്രീയാണ് എന്റെ അമ്മ . ദുബായിലെ ജോലി വിട്ട് നാട്ടിൽ നിന്ന ഒരു വർഷം ഒരു കുത്തുവാക്കുപോലും പറയാതെ അമ്മയുടെ ATM കാർഡ് എന്റെ കൈയില്‍ ഏൽപ്പിച്ച് നിനക്കാവശ്യത്തിനു ചിലവാക്കിക്കോ എന്ന് പറഞ്ഞ എന്റെ അമ്മ.
ഫോട്ടോയെടുക്കാനും സ്റ്റാറ്റസിടാനുമൊക്കെ സഹായം ചോദിച്ചുകൊണ്ട് വരുമ്പോൾ ഞാനും പെങ്ങളും വഴക്കു പറഞ്ഞിട്ടുണ്ട്.
പക്ഷെ ഞാനിന്ന് മനസിലാക്കുകയാണ് ജീവിത സായാഹ്നത്തിൽ പുതിയ കാലത്തോട് ചേർന്ന് നിൽക്കാൻ അവർ നടത്തുന്ന പെടാപ്പാടുകളാണ് അവയൊക്കെ. അങ്ങനെയെടുക്കുന്ന ചിത്രങ്ങൾ നമ്മെ മാത്രമല്ല അവരെയും സന്തോഷിപ്പിക്കുന്നുണ്ട്.
പ്രായം ഇത്രയൊക്കെ ആയില്ലേ എന്നൊരൊറ്റ വാക്കിൽ അവരുടെ ചിറക് അരിയുന്നതിന് പകരം പോകുന്നത്ര ദൂരം ഞങ്ങള്‍ കൂടെയുണ്ട് എന്നൊരു വാക്കുപറഞ്ഞാൽ മാറിപ്പോകുന്നത് അവരുടെ ജീവിതം തന്നെയാവും.
തിരക്കുകൾക്കിടയിൽ പലപ്പോഴും അവർക്കരികിലേക്കു ഓടിയെത്താൻ കഴിഞ്ഞില്ലെങ്കിലും അവർ തനിയെപോകുമ്പോൾ തടയാതിരിക്കുക എന്നതൊരു വലിയ സമ്മാനമാണ്.
“ഇതുവരെ പോകുമ്പോൾ ഒന്നുകിൽ അപ്പനെ നോക്കണം അല്ലെങ്കിൽ പിള്ളാരെന്തിയെന്നു നൊക്കണം , പക്ഷെ ഈ യാത്ര എല്ലാം മറന്നു കൊണ്ടായിരുന്നു.
ബോട്ടിൽ കയറിയപ്പോൾ അതുകൊണ്ടാണ് ഞാൻ പേഴ്സും ഫോണുമൊക്കെ സംശയിച്ചാണെങ്കിലും അവരുടെ കൈയ്യിൽ ഏൽപ്പിച്ചത് .
പാരച്യൂട്ടിൽ കയറിപോകുന്നൊരു സംഗതി വേറെയുണ്ടെങ്കിലും ഞങ്ങള്‍ കയറിയില്ല. ഇനിയൊരിക്കലാവട്ടെ.”
“പക്ഷെ പറയാതെ വയ്യ ഡെന്നി .
നിന്റപ്പൻ ഒട്ടും റൊമാന്റിക്കല്ല , മുന്കൊപക്കാരനാണ് എങ്കിലും ഒരിക്കൽപ്പോലും ഭാര്യ ഏതു വഴിക്കാണ് പോയതെന്ന സംശയത്തോടെ പിറകെ വന്നിട്ടില്ല. അതിനാ മനുഷ്യനോട് നന്ദിപറഞ്ഞേ പറ്റു.”
“നിന്റെ റൊമാന്സും അപ്പന്റെ തുറന്ന മനസും ഒക്കെ ചേർന്നല്ലിയോ മേഴ്സി ഞങ്ങളിങ്ങനെ ഇറെസ്പോണ്സിബിൾ ഇഡിയറ്റുകളായി പറന്നുനടക്കാൻ കാരണം. “
“ആട്ടെ , അപ്പന്റെ കൈയ്യിലൊന്നു ഫോൺ കൊടുത്തേ. അമ്മയെ ഇത്രയും വിശ്വസിക്കരുതെന്നു പറഞ്ഞൊരു കുത്തിത്തിരുപ്പൊണ്ടാക്കട്ടെ “
“അപ്പനിവിടില്ല. രാവിലെ ബൈക്കുമെടുത്തു കമ്പംമേട്ടില്ലേ കുട്ടപ്പന്റെ വീട്ടില്‍ പോയേക്കുവാ. നാളെയെ വരൂ . ജാക്കറ്റൊക്കെയിട്ട് വല്യ സഞ്ചാരിയാണെന്ന മട്ടിലാ പോയേക്കുന്നെ. ഞാൻ അപ്പനെ കൂട്ടാതെ പോയതിന്റെ പ്രതിഷേധം….”
സായാഹ്നത്തിൽ ചിലപൂക്കൾ വിടരുന്നു. പകലിന്റെ ആരവം കഴിഞ്ഞു മടങ്ങുന്ന കൂട്ടം അവയെ ശ്രദ്ധിക്കുന്നതെയില്ല എങ്കിലും അവക്കും നിറമുണ്ട് , ഹൃദയാഹരിയായ ഗന്ധമുണ്ട് , ഒരു വസന്തത്തിന്റെ എല്ലാ തുടിപ്പുകളുമുണ്ട്.
❤️DNY