കണ്ണൂർ: ജില്ലാ ആശുപത്രിയിൽ സ്ഥാപിച്ചിരിക്കുന്ന അമ്മത്തൊട്ടിലിനു മുന്നിൽ ഇപ്പോൾ കാണാനാവുക ഒരു അറിയിപ്പാണ് ‘അമ്മത്തൊട്ടിൽ പ്രവർത്തിക്കുന്നില്ല’. നല്ല രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ഈ സംവിധാനം പ്രവർത്തന സജ്ജമല്ലാതായിട്ട് ഒരു വർഷത്തിലേറെയായിരിക്കുന്നു. ജില്ലാ ആശുപത്രിയിലെ കുഞ്ഞുങ്ങളുടെ വാർഡിനോട് ചേർന്നാണ് അമ്മത്തൊട്ടിൽ സ്ഥാപിച്ചിരിക്കുന്നത്. നിരവധി തവണ തകരാറുകൾ പരിഹരിക്കുന്നതിനായി പ്രശ്നം ശിശു ക്ഷേമ സമിതി അികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറയുന്നു.
ഒരു തവണ ശിശു ക്ഷേമ സമിതിയിൽ നിന്നു വന്ന് പരിശോധിച്ചിട്ട് പോയതല്ലാതെ അതിന്റെ തുടർ നടപടികൾ സ്വീകരിക്കാനോ നന്നാക്കാനോ ശ്രമം ഉണ്ടായിട്ടില്ല. ഈ പരിശോധന കഴിഞ്ഞിട്ട് തന്നെ ഇപ്പോൾ മാസങ്ങളായി. നവജാത ശിശുക്കളെ കുപ്പത്തൊട്ടികളിലും കുറ്റിക്കാടുകളിലും ഉപേക്ഷിക്കുന്നതിനു പകരം സുരക്ഷിതമായി കൊണ്ടുവെയ്ക്കാൻ സ്ഥാപിച്ച ഒരു പദ്ധതി ആണ് അമ്മത്തൊട്ടിൽ.
കേരള സംസ്ഥാന ശിശു ക്ഷേമ സമിതി 2007-ൽ തുടങ്ങിയ പദ്ധതി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ആരംഭിച്ചത് 2009 ഡിസംബറിലാണ്. ആശുപത്രിയുടെ പുറത്തു സ്ഥാപിച്ചിട്ടുള്ള വാതിൽ വഴി തൊട്ടിലിൽ കുഞ്ഞിനെ വെച്ചു കഴിയുന്പോൾ ഒരു അലാം മുഴങ്ങുകയും വാതിൽ ഓട്ടോമാറ്റിക് ആയി അടയുകയും ചെയ്യും.
ഇപ്പോൾ ഈ അലാം ശബ്ദിക്കുന്നില്ല. മാത്രമല്ല, ഓട്ടോമാറ്റിക് വാതിലും തകരാറിലാണ്. ആശുപത്രി അധികൃതരുടെ എല്ലാ വിധ ശ്രദ്ധയും കിട്ടികൊണ്ടിരുന്ന അമ്മത്തൊട്ടിൽ വീണ്ടും പ്രവർത്തന യോഗ്യമാക്കാൻ തങ്ങളുടെ ഭാഗത്തു നിന്നും എല്ലാവിധ പരിശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ഇവർ പറയുന്നു.