സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം ആസ്ഥാനത്തും ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്കു മുമ്പിലും സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലുകളിൽ വെള്ളിയാഴ്ച യഥാക്രമം ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും അമ്മക്കരുതലിനായി എത്തി.
വെള്ളിയാഴ്ച പുലർച്ചെ ഒന്നരയ്ക്കാണ് ആലപ്പുഴ അമ്മത്തൊട്ടിലിൽ മൂന്നുദിവസം മാത്രം പ്രായമുള്ള പെണ്‍കുരുന്ന് അതിഥിയായി എത്തിയത്. അതേ ദിവസം രാത്രി 9.50നാണ് നാലുദിവസം പ്രായമുള്ള ആണ്‍കുട്ടി തിരുവനന്തപുരം അമ്മത്തൊട്ടിലിൽ സംരക്ഷണത്തിനായി എത്തിയത്. കുരുന്നുകൾക്ക് മാനവ്, മാനവി എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുണ്‍ ഗോപി അറിയിച്ചു.
ആലപ്പുഴയിൽ ലഭിച്ച മാനവിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ തുടർചികിത്സകൾക്കായി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരത്തു ലഭിച്ച മാനവിനെ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനകൾ നടത്തി. പൂർണ ആരോഗ്യവാനായ മാനവ് തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിൽ പരിചരണത്തിലാണ്.
2002 നവംബർ 14ന് തിരുവനന്തപുരത്ത് അമ്മത്തൊട്ടിൽ പ്രവർത്തനമാരംഭിച്ച ശേഷം ലഭിക്കുന്ന 593-ാമത്തെ കുരുന്നാണ് മാനവ്. ആലപ്പുഴ അമ്മത്തൊട്ടിൽ സ്ഥാപിച്ചതിനു ശേഷം ലഭിക്കുന്ന ഒന്‍പതാമത്തെ കുട്ടിയും നാലാമത്തെ പെണ്‍കുരുന്നുമാണ് മാനവി.