ആലുവ: കേരളത്തിലേക്ക് ആയിരത്തിലധികം കിലോ കഞ്ചാവ് എത്തിച്ച് വിതരണം നടത്തിയിരുന്ന സംഘത്തിലെ പ്രധാന പ്രതി പിടിയിൽ.
ഇടുക്കി തൊടുപുഴ കുമ്മൻകല്ല് തൊട്ടിയിൽ വീട്ടിൽ റസൽ (അമ്മായി റസൽ-36) എന്നയാളെയാണ് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
ആയിരക്കണക്കിന് കിലോ കഞ്ചാവാണ് മൂന്നു വർഷത്തിനുള്ളിൽ ഇയാൾ കേരളത്തിലെത്തിച്ച് വിതരണം നടത്തിയത്.
മൂന്നു ദിവസം നീണ്ടുനിന്ന ഓപ്പറേഷനൊടുവിൽ ഇടുക്കി വനമേഖലയിലെ തോപ്രാംകുടി മേലെചാന്നാർ ഭാഗത്തെ കാട് വളഞ്ഞ് ഒളിസങ്കേതത്തിൽ നിന്നാണ് പോലീസ് അമ്മായി റസലിനെ സാഹസികമായി പിടികൂടിയത്.
മാസങ്ങളോളം നീണ്ട നിരീക്ഷണത്തിന് ഒടുവിൽ കഴിഞ്ഞ നവംബറിൽ രണ്ട് ആഡംബരക്കാറുകളിൽ കടത്തുകയായിരുന്ന 105 കിലോ കഞ്ചാവ് അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് വച്ച് റൂറൽ പോലീസ് പിടികൂടുകയുണ്ടായി. തുടർന്ന് എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ കഞ്ചാവ് വിതരണ ശൃംഖലയെകുറിച്ച് വ്യക്തമായ വിവരം പോലിസിന് ലഭിച്ചിരുന്നു.
പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിൽ കേരളത്തിലേയ്ക്കുള്ള കഞ്ചാവ് വിതരണത്തിന്റെ പ്രധാന കേന്ദ്രം ഉത്തര ആന്ധ്രയിലുള്ള പാഡേരു എന്ന ഗ്രാമം ആണെന്ന് മനസിലായി.
ആന്ധ്ര കേന്ദ്രീകരിച്ചു കഞ്ചാവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മലയാളികളെപ്പറ്റി വ്യക്തമായ വിവരം അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു.
കഞ്ചാവ് കടത്ത് സംഘത്തിലെ പ്രധാനികളും മൊത്തവിതരണക്കാരുമായ ആറ് പേരെ ഇതിനോടകം അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതിലെ പ്രധാനികളായ തൊടുപുഴ സ്വദേശി അൻസിൽ, പെരുമ്പിള്ളിച്ചിറ സ്വദേശി കുഞ്ഞുമൊയ്തീൻ, വെള്ളത്തോൾ സ്വദേശി ചന്തു എന്നിവരിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിൽ കല്ലൂർക്കാട് ആനിക്കാട് ഭാഗത്ത് വാടകയ്ക്ക് എടുത്തിട്ടുള്ള വീട്ടിൽ റസലിന്റെ നേതൃത്വത്തിൽ കഞ്ചാവ് സൂക്ഷിക്കുന്നത് സംബന്ധിച്ച് വിവരം ലഭിച്ചത്.
കല്ലൂർക്കാട് പോലീസും ഡാന്‍സാഫ് ടീമും ചേർന്ന് വീട് കണ്ടെത്തി പരിശോധന നടത്തി ഇരുമ്പ് അലമാരയിൽ പായ്ക്കറ്റുകളിൽ ആയി സൂക്ഷിച്ചിരുന്ന 39 കിലോ കഞ്ചാവ് പിടികൂടുകയായിരുന്നു.
റെയ്ഡിനെ തുടർന്ന് മുഖ്യ പ്രതി റസൽ ഒളിവിൽ പോയി. കഞ്ചാവ് വിറ്റ് കിട്ടിയ പണവുമായി ഊട്ടി, ഗോവ, കുളു, മണാലി തുടങ്ങിയ സുഖവാസ കേന്ദ്രങ്ങളിൽ ഒളിവിൽ കഴിഞ്ഞ ശേഷം തോപ്രാംകുടിയിലെത്തുകയായിരുന്നു.
എറണാകുളം ജില്ലയിലെ ലഹരി വ്യാപാര ശൃംഖലയെക്കുറിച്ചും വിശദമായ വിവരങ്ങൾ ഇയാളില്‍നിന്നു ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കി കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് എസ്പി അറിയിച്ചു.
ആലുവ നാര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി കെ.അശ്വകുമാര്‍, സബ് ഇന്‍സ്പെക്ടര്‍മാരായ ടി.എം.സൂഫി, വി.എ.അസീസ്, എസ്സിപിഒമാരായ ജിമ്മോന്‍ ജോര്‍ജ്, പി.എന്‍.രതീശന്, ജില്ലാ ഡാന്‍സാഫ് അംഗങ്ങളായ പി.എം ഷാജി, കെ.വി.നിസാര്‍, ടി.ശ്യാംകുമാര്‍, വി.എസ്.രഞ്ജിത്ത്, ജാബിര്‍, മനോജ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.