തൊടുപുഴ: മൂന്നര വയസുകാരനെ ദുരുപയോഗിച്ച കേസിൽ അമ്മയുടെ കാമുകന് 21 വർഷം തടവ് വിധിച്ചു.
തൊടുപുഴയിൽ മൂന്നര വയസുകാരൻ പീഡനത്തിന് ഇരയായ കേസിലാണ് കുട്ടിയുടെ അമ്മയുടെ സുഹൃത്തായ അരുൺ ആനന്ദിനു തൊടുപുഴ പോക്സോ കോടതി ശിക്ഷ വിധിച്ചത്.
ശിക്ഷ 15 വർഷം അനുഭവിച്ചാൽ മതി. മൂന്നര വയസുകാരന്‍റെ സഹോദരനായിരുന്ന ഏഴു വയസുകാരനെ കൊലപ്പെടുത്തിയ കേസിൽ നിലവിൽ തടവ് ശിക്ഷ അനുഭവിച്ചു വരികയാണ് അരുൺ ആനന്ദ്.
2019ൽ തൊടുപുഴയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
അരുൺ ആനന്ദ് സ്ഥിരം കുറ്റവാളിയാണെന്നു പോലീസ് കണ്ടെത്തിയിരുന്നു. 2008ൽ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത വിജയരാഘവൻ കൊലക്കേസിലെ പ്രതിയാണ് അരുൺ ആനന്ദ്.
തിരുവനന്തപുരം നന്തൻകോട് സ്വദേശിയായ ഇയാൾ മദ്യപാനത്തിനിടെ സുഹൃത്തായ വിജയരാഘവനെ ബിയർ കുപ്പികൊണ്ടു തലയ്ക്കടിച്ചു കൊന്നു എന്നതാണ് കേസ്.
ആകെ നാലു കേസുകളാണ് തിരുവനന്തപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം ഇയാൾക്കെതിരെ ഉള്ളത്.
കൊലപാതകം, ഭീഷണിപ്പെടുത്തൽ, പണം തട്ടൽ എന്നിവയാണ് ഇയാൾക്കെതിരെയുള്ള കേസുകൾ. 2008ലാണ് അരുൺ ആനന്ദിനെതിരെ ചുമത്തിയ വധക്കേസിന് ആസ്പദമായ സംഭവം.
ഒന്നിച്ചിരുന്നു മദ്യപിക്കുന്നതിനിടെ സുഹൃത്തായ തിരുവനന്തപുരം സ്വദേശിയായ വിജയരാഘവനുമായി വാക്കേറ്റമുണ്ടായി.
തുടർന്നുണ്ടായ സംഘർഷത്തിൽ ഇയാളുടെ തലയ്ക്കു മുന്നിലിരുന്ന ബിയർ കുപ്പികൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
ആകെ എട്ട് പ്രതികളാണ് കേസിലുള്ളത്. ഇതിൽ മുഖ്യപ്രതികളിലൊരാളാണിയാൾ. മറ്റൊരു കേസ് ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചു എന്നതാണ്. മറ്റ് രണ്ട് കേസുകളും ഭീഷണിപ്പെടുത്തി എന്നതു തന്നെ.
തലയോട്ടി പൊട്ടിയ നിലയിൽ മൂത്ത കുട്ടിയെ അമ്മയും സുഹൃത്തായ അരുൺ ആനന്ദും ചേർന്നു കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുവരുന്നതോടെയാണ് ഇയാൾ മാധ്യമശ്രദ്ധയിലേക്കു വരുന്നത്.
രക്തത്തിൽ കുളിച്ച കുഞ്ഞിന്‍റെ തലച്ചോറ് പുറത്തുവന്ന നിലയിലായിരുന്നു.
എന്താണ് സംഭവിച്ചതെന്നു ഡോക്ടർമാർ ചോദിച്ചപ്പോൾ കുട്ടിയുടെ അമ്മ ആദ്യം സോഫയിൽനിന്നു വീണു തല പൊട്ടിയെന്നാണ് പറഞ്ഞത്.
എന്നാൽ, കുട്ടിയെ പരിശോധിച്ച ഡോക്ടർമാർക്കു സംശയം തോന്നി. ബലമുള്ള എന്തോ വസ്തു വച്ചു തലയിലടിച്ച പോലെയായിരുന്നു കുട്ടിയുടെ പരിക്കുകൾ.
ആദ്യം ഡോക്ടർമാർ കുഞ്ഞിന് അടിയന്തര ശസ്ത്രക്രിയ നടത്തി. തുടർന്ന് പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി കുട്ടിയുടെ അമ്മയുടെ സുഹൃത്തായ അരുൺ ആനന്ദിനോടു വിശദാംശങ്ങൾ ചോദിച്ചു.
എന്നാൽ, ചോദ്യം ചെയ്യലിനോടു സഹകരിക്കാനോ പോലീസ് നിർദേശിച്ചതു പോലെ ആംബുലൻസിൽ കയറാനോ ഇയാൾ തയാറായില്ല. അപ്പോഴും ഇയാൾ ലഹരിയിലായിരുന്നു.
എട്ട് മാസമായി അരുൺ ആനന്ദിനൊപ്പം താമസിക്കുകയായിരുന്നു ഈ യുവതിയും രണ്ട് കുട്ടികളും.
കുട്ടികളുടെ അച്ഛൻ ഒരു വർഷം മുമ്പ് മരിച്ചിരുന്നു. ഇതിനു ശേഷമാണ് അരുണിനൊപ്പം യുവതി തൊടുപുഴയിൽ വന്നു താമസമാക്കിയത്.
തന്നെയും കുട്ടികളെയും ഇയാൾ ക്രൂരമായി മർദിക്കാറുണ്ടെന്നാണ് യുവതി മൊഴി നൽകിയത്.
ഇയാൾ മാരകമായി ഉപദ്രവിക്കാറുണ്ടെന്നും തുറന്നു പറയാൻ ഭയമായിരുന്നെന്നും യുവതി പോലീസിനോടു പറഞ്ഞു. ഇവരുടെ മുഖത്തും കണ്ണിലും അടികൊണ്ട് നീരു വന്നു വീർത്ത പാടുകളുണ്ടായിരുന്നു.
സംഭവം നടന്ന രാത്രി യുവതിയും അരുണും പുറത്തു പോയി വന്നപ്പോൾ ഇളയ കുഞ്ഞ് സോഫയിൽ മൂത്രമൊഴിച്ചതു കണ്ടു.
അരുൺ മദ്യപിച്ച നിലയിലായിരുന്നു. മൂത്ത കുട്ടിയോട് എന്താണ് സംഭവിച്ചതെന്നു ചോദിച്ചു. ഉത്തരം കിട്ടാതായതോടെ കുട്ടിയെ അതിക്രൂരമായി മർദിക്കുകയായിരുന്നു.
തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയ്ക്കിടെ കുട്ടി മരിച്ചു. ഈ അന്വേഷണത്തിലാണ് മൂന്നര വയസുകാരനെയും ഇയാൾ ലൈംഗികമായി പീഡിപ്പിച്ചതായി പോലീസ് കണ്ടെത്തിയത്.