ഒക്ലഹോമ: കുട്ടികളെ വീട്ടിൽ തനിച്ചാക്കി “പൂസാ’കാൻ പോയ അമ്മ അറസ്റ്റിൽ.
എട്ടും അഞ്ചും ഒൻപതു മാസവും പ്രായമുള്ള മൂന്നു കുട്ടികളുടെ ചുമതല ഒൻപതു വയസുകാരി മകളെ ഏൽപിച്ച ശേഷം മദ്യപിക്കാൻ പോയ അമ്മ പെറിയ അഗിലാറെ (27) യാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സാധാരണ പരിശോധനയുടെ ഭാഗമായാണ് ഒക്ലഹോമ പോലീസ്, സൗത്ത് വെസ്റ്റ് ബ്ലാക്ക് വെൽഡറിലുള്ള ഇവരുടെ വീട്ടിലെത്തിയത്.
ഈ സമയം മൂത്തപെൺകുട്ടി ഒന്പതു മാസം പ്രായമുള്ള കുട്ടിക്ക് പിസ കൊടുക്കുകയായിരുന്നു.
ഇതുകണ്ട പോലീസിന്റെ ചോദ്യങ്ങൾക്ക് കുട്ടിക്ക് എന്തുകൊടുക്കണമെന്ന് തനിക്കറിയില്ലെന്നായിരുന്നുവെന്നാണ് മൂത്ത കുട്ടി പോലീസിനോടു പറഞ്ഞത്.
ഈ സമയം മദ്യലഹരിയിൽ വാഹനം ഓടിച്ചു മാതാവ് വീട്ടിലെത്തി. ഇവർക്ക് ശരിയായി സംസാരിക്കാൻ പോലും കഴിഞ്ഞിരുന്നില്ലെന്നു പോലീസ് ഡിപ്പാർട്ട്മെന്റ് വക്താവ് പറഞ്ഞു.
വീട്ടിൽ എസി ഇല്ലായിരുന്നുവെന്നും പുറത്ത് ചൂടു കൂടുതലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
കുട്ടികളുടെ ചുമതല ഒന്പതു വയസുകാരിയെ ഏൽപിച്ച് മദ്യഷാപ്പിൽ പോയതു കുറ്റകരമായ അനാസ്ഥയാണെന്നും മദ്യലഹരിയിൽ വാഹനമോടിച്ചത് ഗുരുതരമായ കുറ്റമാണെന്നും സസ്പെൻഡ് ചെയ്ത ലൈസെൻസ് ഉപയോഗിച്ച് വാഹനം ഓടിച്ചത് മറ്റൊരു കുറ്റകൃത്യമാണെന്നും പോലീസ് വ്യക്തമാക്കി.
പി.പി. ചെറിയാൻ