അടിമാലി: അമ്മിക്കല്ലു കൊണ്ടുള്ള അടിയേറ്റ് യുവാവ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സഹോദരൻ പോലീസ് കസ്റ്റഡിയിൽ. ടിവി ചാനൽ മാറ്റുന്നതുമായി ബന്ധപ്പെട്ട് സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ അടിയേറ്റ് കൊന്നത്തടി കന്പിളികണ്ടം കന്പിലൈൻ സ്വദേശി വെളളയാന്പൽ ജോസഫാ(26)ണ് മരിച്ചത്.
സംഭവത്തിൽ ജോസഫിന്റെ ഇളയ സഹോദരൻ ജോഷ്വ (21)ആണ് പോലീസ് കസ്റ്റഡിയിലുള്ളത്. വെള്ളിയാഴ്ച്ച വൈകുന്നേരം ഇവരുടെ വീട്ടിലായിരുന്നു സംഭവം. ഇവരുടെ പിതാവ് ജോസഫിന്റെ കിഡ്നി സംബന്ധമായ ചികിത്സയുമായി ബന്ധപ്പെട്ട മറ്റു കുടുംബാംഗങ്ങൾ ആശുപത്രിയിൽ ആയിരുന്നു. ജോസഫും ജോഷ്വയും മാത്രമായിരുന്നു കന്പിലൈനിലെ വീട്ടിൽ ഉണ്ടായിരുന്നത്.
ഈ സമയമാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ജോസഫിനെ ജോഷ്വയും നാട്ടുകാരും ചേർന്നാണ് അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. നില ഗുരുതരമായതിനെ തുടർന്ന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. അടിമാലി പോലീസ് ഇന്ന് രാവിലെ സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. മാതാവ്: ലുധിയ. മറ്റു സോഹദരങ്ങൾ: പോൾ, സാമുവൽ