അന്യം നിന്നു പോകുന്ന കുലത്തൊഴിലുകളെ ഓർമപ്പെടുത്തുകയാണ് ഇടുക്കിയെ ഉപ്പുതറയിലെ കണ്ണംപടി കോവിൽവരയിൽ അമ്മിണി എന്ന വയോധിക. പ്രായമൊക്കെ വെറും സംഖ്യ മാത്രമാണെന്നാണ് അമ്മിണി അമ്മയുടെ വാദം. ഈറ്റപ്പൊളിയിൽ ജീവിതം നെയ്തെടുക്കുകയാണ് ഇവർ.
കുട്ട, മുറം, പനമ്പ്, വെറ്റില ചെല്ലം, കൂട തുടങ്ങിയവ നെയ്ത് വിറ്റാണ് ഇപ്പോഴും അമ്മിണിയുടെ ജീവിതം. അച്ഛൻ വെള്ളാനും അമ്മ ചെറിയയും പഠിപ്പിച്ചുതന്ന നെയ്ത്ത് പതിനഞ്ചാം വയസിൽ അമ്മിണി സ്വന്തമായി ഏറ്റെടുത്തു.
തലമുറ കൈമാറി തന്ന കരുത്തുമായാണ് അമ്മിണി വഞ്ചിവയലിൽനിന്നു വിവാഹിതയായി കണ്ണംപടിയിൽ എത്തിയത്. അപ്പോഴും നെയ്ത്ത് ജോലി കൈവിട്ടില്ല. ഭർത്താവ് രാമനും നെയ്ത്തിൽ പ്രാവീണ്യം ഉണ്ടായിരുന്നത് അമ്മിണിക്കു തുണയായി. ഒരുമിച്ചു കാട്ടിൽ പോയി ഈറ്റ വെട്ടിക്കൊണ്ടു വരും.
അകവും പുറവും വേർതിരിച്ച് പൊളിച്ച ശേഷം അടുക്കളയുടെ ചേരിനു മുകളിലിട്ട് ഉണക്കും. പിന്നീട് ചീകി മിനുക്കി ഒരുമിച്ചിരുന്ന് വസ്തുക്കൾ നെയ്തെടുക്കും. ആകർഷകമായ കരകൗശല വസ്തുക്കളും ഇതിലുണ്ടാകും.
ആദിവാസികൾ നെയ്യുന്ന ഇത്തരം വസ്തുക്കളോട് മറ്റുള്ളവർക്ക് വലിയ ഇഷ്ടവും വിശ്വാസവുമാണ്. അതുകൊണ്ടു തന്നെ ഇവരുണ്ടാക്കിയ സാമഗ്രികളും വിൽക്കാൻ തടസമുണ്ടായില്ല. കുടിയിലെത്തി ആളുകൾ വാങ്ങുന്നതിനാൽ മറ്റെവിടെയും വിൽക്കാൻ പോകേണ്ടി വരുന്നില്ല.
എന്നാൽ, ഉത്പന്നങ്ങൾക്ക് ആവശ്യക്കാർ കുറഞ്ഞതിൽ അമ്മിണിക്ക് പരിഭവമുണ്ട്. 2015ൽ ഭർത്താവ് രാമൻ മരിച്ചു. അമ്മിണിക്കിപ്പോൾ 68 വയസുണ്ട്. നാലു മക്കളും കൊച്ചുമക്കളുമുണ്ട്. മക്കളാണ് കാട്ടിൽ പോയി ഈറ്റ വെട്ടിക്കൊണ്ടുവരുന്നത്.
കൊച്ചുമക്കൾക്ക് പാരമ്പര്യ തൊഴിലിനോട് താത്പര്യമില്ല. 53 വർഷമായി തളരാത്ത മനസുമായി ജീവിതം നെയ്തെടുക്കുകയാണ് അമ്മിണി. വഞ്ചിവയലിൽ താമസിക്കുന്ന അമ്മിണിയുടെ സഹോദരൻ വേണു ഇപ്പോഴും കുട്ടയും പനമ്പും നെയ്ത് വിൽപ്പന നടത്തിയാണ് കുടുബം പുലർത്തുന്നത്.
ആദിവാസികൾ നെയ്യുന്ന ഇത്തരം വസ്തുക്കളോട് മറ്റുള്ളവർക്ക് വലിയ ഇഷ്ടവും വിശ്വാസവുമാണ്. അതുകൊണ്ടു തന്നെ ഇവരുണ്ടാക്കിയ സാമഗ്രികളും വിൽക്കാൻ തടസമുണ്ടായില്ല. കുടിയിലെത്തി ആളുകൾ വാങ്ങുന്നതിനാൽ മറ്റെവിടെയും വിൽക്കാൻ പോകേണ്ടി വരുന്നില്ല.