പിറവം:പ്രിയപ്പെട്ടവരുടെ പ്രാര്‍ഥനകള്‍ അമ്മിണിയെ നാട്ടില്‍ തിരിച്ചെത്തിച്ചു. സൗദിയിലെ ദുരിതപൂര്‍ണമായ പ്രവാസ ജീവിതത്തിലെ ഓര്‍മകള്‍ മറക്കാന്‍ ശ്രമിക്കുകയാണ് മണീട് തുറയില്‍ അമ്മിണി(51)യെന്ന മധ്യവയസ്‌ക. വീട്ടുജോലിയ്‌ക്കെന്ന പേരില്‍ പാവപ്പെട്ടവരെ വിദേശത്തെത്തിച്ചു കബളിപ്പിക്കുന്ന റിക്രൂട്ടിംഗ് ഏജന്‍സികളുടെ ചതി വെളിവാക്കുന്നതാണ് അമ്മിണിയുടെ ജീവിതം.
ഭര്‍ത്താവിന്റെ പെട്ടെന്നുള്ള മരണവും കടുത്ത സാമ്പത്തിക ബാധ്യതകളാണ് അമ്മിണിയെ സൗദിയിലേക്കു പോകാന്‍ പ്രേരിപ്പിച്ചത്. മലയാളിയുടെ വീട്ടിലെ കുട്ടിയെ നോക്കുന്ന ജോലിയാണെന്നു പറഞ്ഞാണ് കോഴിക്കോട്ടുള്ള ഏജന്‍സി അമ്മിണിയെ സമീപിക്കുന്നത്.ഭക്ഷണവും താമസവും കഴിഞ്ഞ് മാസം 30,000 രൂപ ശമ്പളം നല്‍കുമെന്നായിരുന്നു ഉറപ്പ്. എന്നാല്‍ സൗദിയിലെത്തിയപ്പോള്‍ കഥമാറി. വിമാനത്താവളത്തിലെത്തിയ ആള്‍ ആദ്യം കൊണ്ടുപോയത് അറബിയുടെ വീട്ടിലേക്ക്. കുറച്ചു നാള്‍ ഇവിടെ ജോലി നോക്കണമെന്നായിരുന്നു അവര്‍ പറഞ്ഞത്.
പിന്നീട് പീഡനത്തിന്റെ നാളുകളായിരുന്നു. വീടു വൃത്തിയാക്കുന്നതായിരുന്നു ജോലി. ഒരാഴ്ചയ്ച്ച കഴിഞ്ഞപ്പോള്‍ വീട്ടുടമസ്ഥന്റെ ബന്ധുക്കളുടെ ഏഴുവീടുകളില്‍ കൂടി ജോലി ചെയ്യേണ്ടിവന്നു. നേരെ ചൊവ്വെ ഭക്ഷണം പോലും നല്‍കാതെയായിരുന്നു ജോലി ചെയ്യിപ്പിച്ചത്. ആകെ നല്‍കിയത് ഒരു മാസത്തെ ശമ്പളവും. പിന്നീട് ശമ്പളം ആവശ്യപ്പെട്ടപ്പോള്‍ ഏജന്റിനു നല്‍കിയ മൂന്നുലക്ഷത്തില്‍ വകവയ്ക്കുമെന്നായിരുന്നു മറുപടി. ഒടുവില്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടതോടെയാണ് വിവരം പുറംലോകമറിഞ്ഞത്.സൗദിയിലെ സന്നദ്ധ സംഘടനാപ്രവര്‍ത്തകനായ ജമാല്‍ മാലിക്കും സഹായിച്ചു.
ഏറ്റവും കുറഞ്ഞത് 150 സ്ത്രീകളെങ്കിലും ഇതേ രീതിയില്‍ കബളിപ്പിക്കപ്പെട്ട് എംബസിയുടെ കരുണയില്‍ ഷെല്‍ട്ടറില്‍ ഉണ്ടെന്ന് അമ്മിണി പറയുന്നു. പലര്‍ക്കും പാസ്‌പോര്‍ട്ട് പോലുമില്ലാത്തത് ഇവരുടെ മടങ്ങിവരവിനെ വൈകിപ്പിക്കുന്നു. അമ്മിണിയ്‌ക്കൊപ്പം രക്ഷപ്പെട്ട കോഴിക്കോട് സ്വദേശിനിയായ റീത്തയ്ക്കും ദുരനുഭവങ്ങളുടെ കഥയാണ് പറയാനുള്ളത്. ചീരക്കാട്ടുപാറയില്‍ സഹോദരി തങ്കയുടെ ഒപ്പമാണ് അമ്മിണി ഇപ്പോഴുള്ളത്. നാട്ടില്‍ ഹോം നഴ്‌സായി ജോലിചെയ്തു കടം വീട്ടണമെന്ന ആഗ്രഹം മാത്രമേ അമ്മിണിക്കുള്ളൂ.