കെ.കെ. അർജുനൻ
രാമവർമപുരം (തൃശൂർ): അമ്മിണിക്കുട്ടി ഇനി അനാഥയല്ല, ഏകാന്തത ചുമർ തീർത്തിരുന്ന ഇരുട്ടറയല്ല ഇനി അമ്മിണിക്കുട്ടിയുടെ വീട്. ഇനിയുള്ള നാളുകൾ സനാഥത്വത്തിന്റേത്. ആളും ആരവങ്ങളും പന്തൽ തീർത്ത് അനുഗ്രഹം ചൊരിഞ്ഞ ഇന്നലെയാണ് ഗവ. അഗതിമന്ദിരത്തിലെ അന്തേവാസിയായിരുന്ന അമ്മിണിക്കുട്ടി വിവാഹിതയായത്. വരൻ കോഴിക്കോട് മുക്കം പന്നിക്കോട് നടുവില്ലത്ത് വിഷ്ണു നമ്പൂതിരിയുടെ മകൻ രവീഷ് നമ്പൂതിരി. ചെറുപ്രായത്തിൽ അനാഥത്വം പേറി വിവിധയിടങ്ങളിൽ താമസിക്കേണ്ടിവന്ന അമ്മിണിക്കുട്ടി 22-ാം വയസിലാണിപ്പോൾ സുമംഗലിയായത്.
കുമാരനെല്ലൂർ സുബ്രഹ്മണ്യക്ഷേത്രത്തിലെ പൂജാരിയാണ് 29 കാരനായ രവീഷ്നമ്പൂതിരി . ഇരുവരുടേയും സൗഹൃദം ഉടലെടുത്തതാവട്ടെ ഇന്റർനെറ്റ് മുഖേനയും. നീണ്ട എട്ടുമാസത്തെ സൗഹൃദത്തിനൊടുവിലാണിപ്പോൾ രവീഷിന്റെ വീട്ടുകാരുടെയും നാട്ടുകാരുടെയും അനാഥാലയം അധികൃതരുടെയും സമ്മതത്തോടെ ഇരുവരും വിവാഹിതരായത്. വിവാഹചടങ്ങിൽ കോർപറേഷൻ മേയർ അടക്കമുള്ള പ്രമുഖർ പങ്കെടുത്തു.
ഒന്നരവർഷം മുന്പാണ് അമ്മിണിക്കുട്ടി രാമവർമപുരത്തെ സാമൂഹ്യ നീതി വകുപ്പിന്റെ അഗതിമന്ദിരത്തിലെത്തിയത്. അഞ്ചുവയസു മുതൽ കോഴിക്കോട് ചിൽഡ്രൻസ് ഹോമിലും പിന്നീട് മുതിർന്നവർക്കുള്ള മറ്റൊരു സ്ഥാപനത്തിലുമായിരുന്നു അതുവരെ. വിവാഹ ചടങ്ങുകളുടെ ഭാഗമായുള്ള ആചാരക്രിയകൾ തൃശൂർ തെക്കേമഠത്തിലാണു നടന്നത്. മാലയിടൽ പാടൂക്കാട് നനദുർഗ ക്ഷേത്രത്തിലും.
വിവാഹാവശ്യങ്ങൾക്കു സാമൂഹ്യനീതി വകുപ്പ് ഒരു ലക്ഷം രൂപ നല്കിയിരുന്നു. ഇതുകൂടാതെ ചാലക്കുടി ഡിവൈഎസ്പി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ പോലീസുകാർ സ്വരൂപിച്ച തുകയും അഞ്ചേരിയിലെ നാട്ടുകാർ ചേർന്നു സമാഹരിച്ച തുകയുമുൾപ്പെടെ ഏഴര പവൻ സ്വർണവും പാത്രങ്ങളും വിവാഹവേളയിൽ അമ്മിണിക്കുട്ടിക്കു സമ്മാനമായി നൽകി. സ്വകാര്യ സ്ഥാപനത്തിൽ സാരി ഡിസൈനറായി ജോലി ചെയ്യുന്ന അമ്മിണിക്കുട്ടിയുടെ ജീവിതത്തിനും അതേ വർണപ്പൊലിമ കൈവരാൻ അനുഗ്രഹിച്ചാണ് ഏവരും ചടങ്ങിലെത്തി മടങ്ങിയത്.
തൃശൂർ വടക്കുന്നാഥൻ ഭജനസംഘത്തിന്റെ വക വിവാഹ സദ്യയും ഒരുക്കിയിരുന്നു. കൗണ്സിലർമാരായ റോസി, വി.കെ. സുരേഷ്കുമാർ, ജേക്കബ് പുലിക്കോട്ടിൽ, സാമൂഹ്യ ക്ഷേമ നീതിവകുപ്പ് ജില്ലാ ഓഫിസർ സുലക്ഷണ, ഹോം സൂപ്രണ്ട് പി.എസ്. ഉഷ തുടങ്ങി നിരവധി പേർ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.