കൊച്ചി: റിപ്പബ്ലിക് ദിനത്തില്‍ തന്റെ കൊച്ചുവീടിനു മുന്നില്‍ കൊച്ചുമക്കള്‍ക്കൊപ്പം ദേശീയപതാക ഉയര്‍ത്തിയ മുത്തശിക്കും കുടുംബാംഗങ്ങള്‍ക്കും ഇന്ത്യന്‍ നേവിയുടെ ആദരം.
തൃശൂർ ചേർപ്പിലെ ചെറുചേനം അമ്മിണിയമ്മയാണ് പനമ്പുകൊണ്ടു മറച്ച കുടിലിനു മുറ്റത്ത് ഉറപ്പിച്ച മുളവടിയിൽ പതാക ഉയര്‍ത്തിയത്.
മകന്റെ മകള്‍ വിസ്മയ ഇതിന്റെ വീഡിയോ പകര്‍ത്തി സ്കൂളിലെ വാട്സാപ്പ് ഗ്രൂപ്പില്‍ ഇട്ടതോടെ വൈറലായി.
ചേര്‍പ്പ് സിഎന്‍എന്‍ ബോയ്സ് ഹൈസ്കൂളിലെ അധ്യാപകർ റിപ്പബ്ലിക് ദിനത്തില്‍ വീട്ടില്‍ മുതിര്‍ന്നവരെക്കൊണ്ട് ഭവനപതാക ഉയര്ത്തിക്കണമെന്നു വിദ്യാര്‍ഥികൾക്കു നിര്‍ദേശം നൽകിയിരുന്നു.
ഇതിന്റെ ഭാഗമായിട്ടായിരുന്നു അമ്മിണിയമ്മയുടെ പതാക ഉയര്‍ത്തൽ. വീഡിയോ കണ്ട് ഇന്ത്യന്‍ ആര്‍മിയും നേവിയും അഭിനന്ദനവുമായെത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് അമ്മിണിയമ്മയ്ക്കും കുടുംബത്തിനും സ്കൂളിലെ അധ്യാപകർക്കും ദക്ഷിണ നാവികസേന ആസ്ഥാനം സന്ദര്‍ശിക്കാന്‍ നേവിയുടെ ക്ഷണം ലഭിച്ചത്.
അമൃത് മഹോത്സവിന്റെ ഭാഗമായിട്ടായിരുന്നു ആദരിക്കൽ പരിപാടി സംഘടിപ്പിച്ചത്.
നേവികപ്പലായ ഐഎന്‍എസ് മഗറും മാരിടൈം മ്യൂസിയവും കാണിച്ചതിനൊപ്പം ആയുധ പരിശീലന കേന്ദ്രമായ ഐഎന്‍എസ് ദ്രോണാചാര്യയില്‍ എത്തിച്ച് തോക്കുകളും പീരങ്കികളും സംഘത്തെ പരിചയപ്പെടുത്തി.
തുടര്‍ന്ന് നടന്ന ചടങ്ങില്‍ അമ്മിണിയമ്മയെയും സ്കൂളിലെ പ്രധാന അധ്യാപകന് എ.ആര്. പ്രവീണ്‍ കുമാറിനെയും കമാണ്ടര്‍ ഹേമന്ദ് സാലൂങ്കെ പൊന്നാടയണിയിച്ചു.
അമ്മിണിയമ്മയ്ക്കും കുട്ടികള്‍ക്കും നേവി ഉപഹാരങ്ങളും സമ്മാനിച്ചു.