കിഴക്കമ്പലം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫിനും എൽഡിഎഫിനും ഒറ്റ സ്ഥാനാർഥി. ഒരിക്കലും സംഭവിക്കാനിടയില്ലെന്നു പറയാൻ വരട്ടെ.
സംഗതി സത്യമാണ്. എറണാകുളം ജില്ലയിൽ കിഴക്കമ്പലം പഞ്ചായത്തിലെ ഏഴാം വാര്‍ഡായ കുമ്മനോടാണ് ഈ അവിശ്വസനീയ കാഴ്ച.
ഇവിടെ മത്സരിക്കുന്ന അമ്മിണി രാഘവന് എന്ന സ്വതന്ത്രസ്ഥാനാര്‍ഥി തങ്ങളുടേതാണെന്ന് ഇരുമുന്നണികളും അവകാശപ്പെടുന്നു. വെറുതെ പറയുക മാത്രമല്ല.
രണ്ടു മുന്നണികളുടെയും പ്രവർത്തകർ അമ്മിണിക്കായി പോസ്റ്ററടിച്ചു പ്രചാരണവും നടത്തുന്നു. രണ്ടു കൂട്ടർക്കും വെവ്വേറെ പോസ്റ്ററുകളാണ്. ഇടത് പോസ്റ്ററുകളിൽ അമ്മിണി എല്‍ഡിഎഫ് സ്വതന്ത്ര. വലത് പക്ഷത്തിന്റെ പോസ്റ്ററുകളിൽ യുഡിഎഫ് സ്വതന്ത്ര.
പിന്തുണയ്ക്കുന്നവരും പോസ്റ്ററുകളും രണ്ടാണെങ്കിലും സ്ഥാനാർഥിയും ചിഹ്നവും ഒന്നുതന്നെ. കുടയാണ് അമ്മിണിയുടെ ചിഹ്നം.
കുടുംബപരമായി ഇടത് അനുഭാവിയാണെങ്കിലും ഇരുമുന്നണികളുടെയും സ്ഥാനാർഥിയായിരിക്കുന്നതിൽ സന്തോഷമേയുള്ളൂവെന്ന നിലപാടാണ് അമ്മിണിക്ക്.
ട്വന്റി ട്വന്റി സ്ഥാനാര്‍ഥി പി.ഡി. ശ്രീഷയും എന്‍ഡിഎ സ്ഥാനാര്‍ഥി അഞ്ജു രാജീവുമാണു മറ്റു സ്ഥാനാർഥികൾ.
കിഴക്കമ്പലത്തെ നിലവിലെ ഭരണകക്ഷിയായ ട്വന്റി ട്വന്റിക്കു രണ്ടാംവട്ടവും ഭരണം ലഭിക്കാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് യുഡിഎഫും എൽഡിഎഫും.
ഇതിന്റെ ഭാഗമായി നടക്കുന്ന പല നീക്കങ്ങളിൽ ഒന്നാണ് മുന്നണികളുടെ ഒറ്റ സ്ഥാനാർഥി. ആകെയുള്ള 19 സീറ്റിൽ പന്ത്രണ്ടിലും യുഡിഎഫ് സ്വതന്ത്രരെയാണു നിർത്തിയിരിക്കുന്നത്. എൽഡിഎഫിൽ അഞ്ചു സ്വതന്ത്രരുണ്ട്.
അപരന്മാരുടെ സാന്നിധ്യമാണു മറ്റൊരു തന്ത്രം. മിക്ക ട്വന്റി ട്വന്റി സ്ഥാനാർഥികൾക്കും ഒന്നും രണ്ടും അപര സ്ഥാനാർഥികളുണ്ട്.
ഇതിനിടയിൽ കിഴക്കന്പലത്തെ വോട്ടർമാർ ആകെ കണ്‍ഫ്യൂഷനിലാണ്. കുമ്മനോട് വാർഡിൽ അമ്മിണിയുടെ പോസ്റ്ററുകൾ കാണുമ്പോള്‍ ഈ കണ്ഫ്യൂഷന് കൂടുന്നു.