മൂന്നാർ: രാജമലയിൽ ഓടുന്ന ജിപ്പിൽനിന്നു കുട്ടി തെറിച്ചുവീണ സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. കുട്ടിയെ അശ്രദ്ധമായി കൈകാര്യം ചെയ്തതിന് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. കമ്പിളികണ്ടം സ്വദേശികളായ സതീഷ്- സത്യഭാമ ദമ്പതികൾക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇവരുടെ ഒന്നരവയസുകാരി മകൾ വീഴ്ചയിൽ പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപെട്ടിരുന്നു.
സതീഷും സത്യഭാമയും ബന്ധുക്കളും രാവിലെ പഴനിയിൽ ക്ഷേത്രദർശനത്തിനു ശേഷം മടങ്ങുന്നതിനിടെ ഞായറാഴ്ച രാത്രി പത്തോടെയാണ് കുട്ടി ജീപ്പിൽനിന്നു തെറിച്ചു റോഡിൽ വീണത്. രാജമല അഞ്ചാംമൈലിലെ വളവു തിരിയുന്നതിനിടെ ജീപ്പിന്റെ പിൻഭാഗത്ത് ഏറ്റവും പുറകിലായിരുന്ന അമ്മയുടെ കൈയിൽനിന്നു കുട്ടി തെറിച്ചുവീഴുകയായിരുന്നു. അമ്മയടക്കമുള്ളവർ നല്ല ഉറക്കത്തിലായിരുന്നു. കുട്ടി വീണതറിയാതെ ജീപ്പ് മുന്നോട്ടുപോകുകയും ചെയ്തു. താഴെ വീണ കുട്ടി ടാർ റോഡിലൂടെ ഇരുട്ടത്തു മുട്ടിൽ നീന്തി നടന്നു.
രാജമല ചെക്ക് പോസ്റ്റിൽ ഈ സമയത്തു രാത്രി ഡ്യൂട്ടിയിലായിരുന്ന വനപാലകർ സിസിടിവി ദൃശ്യത്തിൽ റോഡിലൂടെ എന്തോ ഇഴഞ്ഞു നടക്കുന്നതായി ക ണ്ടതാണ് കുട്ടിയുടെ രക്ഷപ്പെടലിന് ഇടയാക്കിയത്. ജീപ്പിൽനിന്നു വീണതു കുട്ടിയാണെന്നു മനസിലാക്കിയ ഉദ്യോഗസ്ഥർ ഉടൻതന്നെ റോഡിലേക്ക് ഓടിയെത്തി കു ട്ടിയെ രക്ഷിച്ചു.
കുട്ടിയെ നഷ്ടപ്പെട്ട വിവരം വീട്ടിലെത്തിയപ്പോൾ മാത്രമാണു മാതാപിതാക്കൾ അറിഞ്ഞത്. വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്കും മുഖത്തും പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചു നാലു മണിക്കൂറിനു ശേഷം പോലീസ്, വനംവകുപ്പ്, ചൈൽഡ് ലൈൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മാതാപിതാക്കൾക്കു കൈമാറി.