അടൂര്‍: സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് യുവതി മരിച്ച കേസില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റിലായി.
ഭര്‍ത്താവ് വയല എംജി ഭവനം വീട്ടില്‍ ജിജി ജോയ് (31), ഇയാളുടെ പിതാവ് ജോയ് (63), മാതാവ് സാറാമ്മ (58) എന്നിവരെയാണ് അടൂര്‍ ഡിവൈഎസ്പി ആര്. ബിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ജിജിയുടെ ഭാര്യ അമ്മു (23) വീടിനുള്ളില്‍ കഴിഞ്ഞ ജനുവരി 31 ന് തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ട സംഭവത്തിലാണ് അറസ്റ്റ്.
മരണത്തില്‍ സംശയമുയര്‍ന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. 2017 ലാണ് ഇരുവരുടെയും വിവാഹം നടന്നത്.
സ്ത്രീധനത്തിന്റെ പേരില്‍ പെണ്‍കുട്ടിയെ ഭര്‍ത്തൃഗൃഹത്തില്‍ ഭര്‍ത്താവും മാതാപിതാക്കളും പീഡനങ്ങള്‍ക്ക് വിധേയമാക്കിയിരുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്.
അന്വേഷണ സംഘത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ സുജിത്, എസ്ഐ സുരേഷ് ബാബു, സിപിഒമാരായ പുഷ്പദാസ്, കിരണ്‍കുമാര്‍, ശ്യാം എന്നിവരുമുണ്ടായിരുന്നു.