മൂന്നാർ: മുള്ളരിക്കുടിയിലെ വീട്ടുമുറ്റത്ത് ഒന്നും അറിയാതെ പുഞ്ചരിച്ച മുഖവുമായി നിഷ്കളങ്കതയോടെ തുള്ളിക്കളിക്കുകയാണ് രോഹിത. രാജമലയ്ക്കു സമീപം ഓടിക്കൊണ്ടിരുന്ന ജീപ്പിൽനിന്നും തെറിച്ചു വീണെങ്കിലും അദ്ഭുതകരമായി ജീവിതത്തിലേക്കു പിച്ചവച്ചുകയറിയവളാണ് രോഹിത എന്ന ഒരു വയസുകാരി. ഉറക്കത്തിലായിരുന്ന മാതാപിതാക്കളും മറ്റു കുടുംബാംഗങ്ങളും കുട്ടിയെ നഷ്ടപ്പെട്ടതറിഞ്ഞത് തിരികെ വീട്ടിൽ എത്തുന്പോഴാണ്.
എന്നാൽ മാതാപിതാക്കൾ മനഃപ്പൂർവം കുട്ടിയെ ഉപേക്ഷിച്ചതാണെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലടക്കം പ്രചാരണം ശക്തമായതോടെ മാനസിക സംഘർഷത്തിലായ മാതാപിതാക്കൾ പറയുന്നതിങ്ങനെ:
“ഇത് ഞങ്ങളുടെ പൊന്നുമോളാണ്. അവളെ വഴിയിൽ ഉപേക്ഷിച്ചതല്ല, തങ്ങളുടെ ജീവൻ നഷ്ടപ്പെട്ടാലും അവളെ സംരക്ഷിക്കും. അബദ്ധവശാൽ കുട്ടി കൈയിൽനിന്നുപോയതാണ്.’’
കുടുംബാംഗങ്ങൾ പളനി ക്ഷേത്രദർശനത്തിനുശേഷം തിരികെ വൈകുന്നേരത്തോടെ ഉദുമൽപേട്ടയിലെ കുട്ടിയുടെ അമ്മവീട്ടിലെത്തി ഭക്ഷണം കഴിച്ച് അവിടെനിന്നും മടങ്ങുകയായിരുന്നു. കുട്ടിയുടെ അമ്മ സത്യഭാമ കഴിഞ്ഞ ആറുമാസമായി ശരീരത്തിലെ അയണിന്റെ കുറവുമൂലം മരുന്നു കഴിക്കുന്നുണ്ടായിരുന്നു. ദീർഘദൂര യാത്ര ചെയ്യുന്ന വേളയിൽ ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ അന്നും മരുന്നു കഴിച്ചാണ് ഉദുമൽപേട്ടയിൽനിന്നു സ്വന്തം വീട്ടിലേക്കു മടങ്ങിയത്. ഇതിനിടയിൽ കുട്ടി പലരുടേയും കൈകളിലായിരുന്നു. മരുന്നു കഴിച്ചിരുന്നതിനാലാണ് താൻ ഉറങ്ങിപ്പോയതെന്നു കുട്ടിയുടെ മാതാവ് പറയുന്നു.
അപകടകരമായ പ്രതിസന്ധികളെ തരണം ചെയ്താണ് ഞങ്ങളുടെ മൂന്നാമത്തെ കുഞ്ഞായി രോഹിത പിറന്നത്. അവൾക്കുള്ള കളിപ്പാട്ടവും വാങ്ങിയാണ് ഞങ്ങൾ മടങ്ങിയത്. തിരികെ എത്തുന്പോൾ കുട്ടിയില്ലെന്നറിഞ്ഞതോടെ ആകെ തകർന്നുപോയെന്നും ആ സമയം രാത്രികാല പട്രോളിംഗ് നടത്തിയിരുന്ന പോലീസിന്റെ സഹായത്തോടെയാണ് കുട്ടിയെക്കുറിച്ച് അന്വേഷിച്ചതെന്നും വനപാലകരോടുള്ള നന്ദി പറഞ്ഞറിയിക്കാൻ കഴിയുന്നില്ലെന്നും കുട്ടിയുടെ പിതാവ് സതീഷ് പറഞ്ഞു.
കുട്ടിയെ കാണാതായപ്പോഴുണ്ടായ ആശങ്കയും തിരിച്ചു കിട്ടിയതിലെ സന്തോഷവും കുട്ടിയുടെ മുത്തച്ഛൻ ശങ്കരനും മുത്തശി ഓമനയും പങ്കുവെച്ചു. കുഞ്ഞുരോഹിത അപ്പോഴും വീട്ടുമുറ്റത്ത് സഹോദരങ്ങളായ രോഹിത്തിനും റോഷിതയ് വീട്ടിലെ നായ്ക്കുട്ടിക്കുമൊപ്പം കളിക്കുന്ന തിരക്കിലായിരുന്നു.