കഴിഞ്ഞ ദിവസമാണ് വളര്‍ത്തുപൂച്ചയുടെ ചരമവാര്‍ഷികത്തിന്റെ പത്രപരസ്യം സോഷ്യല്‍മീഡിയില്‍ ട്രോളുകളായി മാറിയത്. അതില്‍ പൂച്ചയുടെ പേരിനൊപ്പം നായര്‍ ചേര്‍ത്തതാണ് ട്രോളുകള്‍ക്ക് പ്രധാന കാരണം. ‘ചുഞ്ചു നായര്‍’ എന്നാണ് അവര്‍ പത്രത്തിലെ ചരമക്കുറിപ്പില്‍ കൊടുത്തത്.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുന്ന ഈ ട്രോളുകളോട് പ്രതികരിച്ച് ഹ്യൂമണ്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ പ്രവര്‍ത്തക സാലി വര്‍മ്മ രംഗത്ത് എത്തിയിരിക്കുകയാണ്. വളര്‍ത്തുമൃഗത്തിന്റെ പേരിനൊപ്പം വാലായി തങ്ങളുടെ പേരിന്റെ രണ്ടാം ഭാഗം ചേര്‍ക്കുന്നത് അവയെ സ്വന്തം കുടുംബാംഗത്തെപ്പോലെ കാണുന്നത് കൊണ്ടാണെന്ന് സാലി വര്‍മ്മ പറയുന്നു.
പൂച്ചയുടെ ചരമവാര്‍ഷികത്തിന്റെ പരസ്യം പത്രത്തില്‍ കണ്ടപ്പോള്‍ തനിക്ക് ഏറെ സന്തോഷം തോന്നിയെന്നും എന്നാല്‍ പിന്നീട് ആ പരസ്യത്തെ ട്രോളുന്ന പോസ്റ്റുകളാണ് കാണാന്‍ കഴിഞ്ഞതെന്നും പറഞ്ഞാണ് സാലി വര്‍മ്മ ഫേസ്ബുക്കില്‍ കുറിച്ചത്. തന്റെ അച്ഛന് ഒരു വളര്‍ത്തുനായ ഉണ്ടായിരുന്നെന്നും അമ്മു വര്‍മ്മയെന്നായിരുന്നു അതിന്റെ പേരെന്നും പറഞ്ഞു.
വളര്‍ത്തു നായക്ക് ‘അമ്മു വര്‍മ്മ’യെന്ന പേര് നല്‍കിയത് അവളെയും തങ്ങളുടെ കുടുംബത്തിലെ ഒരംഗമായി തന്നെ കാണുന്നതിനാലാണെന്നും അല്ലാതെ അതില്‍ ജാതിപരമായ ഒന്നുംതന്നെ ഇല്ലെന്നും തന്റെ അച്ഛന്‍ അവളെ ഏറ്റവും ചെറിയ മകളായാണ് കണ്ടിരുന്നതെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ‘അമ്മു വര്‍മ്മ’ മരിച്ചെന്നും അവളെന്നും തങ്ങളുടെ സഹോദരിയായിരിക്കുമെന്നും സാലി വര്‍മ്മ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. വളര്‍ത്തുമൃഗങ്ങളും കുടുംബാംഗങ്ങളാണെന്നും ആ പൂച്ചയും ബഹുമാനം അര്‍ഹിക്കുന്നുണ്ടെന്നും പറഞ്ഞാണ് സാലി തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.