തിരുവനന്തപുരം: നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. അമ്മുവിന്റെ തലയ്ക്കും ഇടുപ്പിനും തുടയിലുമുണ്ടായ പരിക്കുകളാണ് മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
തലച്ചോറിലും തലയോട്ടിയുടെ രണ്ട് ഭാഗങ്ങളിലും രക്തം വാർന്നിരുന്നു. വാരിയെല്ലുകൾക്ക് പൊട്ടലുണ്ട്. ഇടുപ്പെല്ല് തകർന്നതിനെ തുടർന്ന് രക്തം വാർന്നുപോയിരുന്നു. വലത് ശ്വാസകോശത്തിന് താഴെയായി ചതവുകൾ സംഭവിച്ചെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
നവംബര്‍ 15 ന് വൈകുന്നേരമാണ് ചുട്ടിപ്പാറ എസ്എംഇ കോളജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർഥിനിയായിരുന്ന അമ്മു സജീവൻ ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്നു വീണ് മരിക്കുന്നത്. അമ്മുവിന്റെ മരണത്തിൽ ചുട്ടിപ്പാറ നഴ്സിംഗ് കോളജ് പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയിരുന്നു. പ്രതികളായ മൂന്നു വിദ്യാർഥിനികളെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ആത്മഹത്യ പ്രേരണ കുറ്റമാണ് വിദ്യാർഥിനികൾക്കെതിരേ ചുമത്തിയിരിക്കുന്നത്.