മുണ്ടക്കയം ചിറ്റടി പള്ളിക്കുന്നേല്‍ ജോയി (40) യുടെ വീട്ടിലെത്തിയാല്‍ പഴയ മുണ്ടക്കയത്ത് എത്തിയ പ്രതീതിയാണ്.
അര നൂറ്റാണ്ട് പഴക്കമുളള മുണ്ടക്കയം സിനിമ തിയറ്റര്‍, നാടറിഞ്ഞ മുണ്ടക്കയത്തിന്റെ ഗാലക്സി തിയറ്റര്‍, നാഷണല്‍ പെര്‍മിറ്റ് ലോറികള്‍, മുണ്ടക്കയം മേഖലയില്‍ സര്‍വീസ് നടത്തുന്ന നിരവധി സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകള്‍ എല്ലാം ജോയിയുടെ സ്വീകരണമുറിയില്‍ റെഡി. കാർഡ് ബോര്‍ഡിലും ഫോറക്സ് ഷീറ്റിലും നിര്‍മിച്ച ഈ മാതൃകകൾ കാണാന്‍ പളളിക്കുന്നേല്‍ വീട്ടില്‍ തിരക്കാണ്.
ഗാലക്സി തിയറ്ററിന്റെ ഭിത്തിയിൽ സ്ഥാപിച്ചിരുന്ന മാര്‍പാപ്പയുടെ ചിത്രം പോലും അതേപടി തയാറാക്കിയിരിക്കുന്നുവെന്നു മാത്രമല്ല മൊബൈല്‍ഫോണിന്റെ സഹായത്തോടെ 20 വര്‍ഷം മുമ്പ് തീയറ്ററിനുളളിൽ കാണിച്ചിരുന്ന ഓപ്പണിംഗും ലൈറ്റിംഗും, അക്കാലത്തെ വ്യാപാര സ്ഥാപനങ്ങളുടെ പരസ്യ സ്ലൈഡുകളും സ്ഫടികം സിനിമയും വീഡിയോയായി സജ്ജീകരിച്ചിട്ടുണ്ട്.
ഒറിജിനലിനെ വെല്ലുന്ന രീതിയിലാണ് ബസുകളുടെ മാതൃകയും ജോയി നിർമിച്ചിരിക്കുന്നത്. ബസിന്റെ പുറമേ നിന്നുള്ള രൂപം മാത്രമല്ല സ്റ്റിയറിംഗ്, സീറ്റ്, ഡീസൽ ടാങ്ക് അടക്കം എല്ലാം ഒറിജിനലിനെ വെല്ലുന്ന രീതിയിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.
കാഞ്ഞിരപ്പള്ളി ഫെഡറൽ ബാങ്ക് ശാഖയിലെ ജീവനക്കാരനായ ജോയി നാല് ദിവസം കൊണ്ടാണ് ഇവ നിർമിച്ചത്. ഭാര്യ സുമയുടെയും മക്കളായ അമല്‍, ആദില്‍ എന്നിവരുടെയും പൂര്‍ണ പിന്തുണ ലഭിക്കുന്നതായി അദ്ദേഹം പറഞ്ഞു.
നിരവധി ചിത്രങ്ങൾക്ക് വേദിയായ ഒറ്റപ്പാലം വരിക്കാശേരി മനയുടെ മാതൃക നിർമിക്കാനുള്ള തയാറെടുപ്പിലാണ് ജോയി. സഹോദരനും അധ്യാപകനുമായ റോയിയും ചിത്രകാരനാണ്.