പരിയാരം: മൂന്നര വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതിന്റെ ഉറവിടം കാരക്കുണ്ട് വെള്ളച്ചാട്ടത്തിൽനിന്നാണെന്നു സംശയം. കഴിഞ്ഞ ഞായറാഴ്ച പരിയാരം ഗ്രാമ പഞ്ചായത്തിൽപ്പെട്ട കുട്ടിയും കുടുംബവും കാരക്കുണ്ട് വെള്ളച്ചാട്ടം സന്ദർശിച്ച് കുളിച്ചിരുന്നു.
വെള്ളച്ചാട്ടത്തിന് കീഴെയായി ചെറിയൊരു തോടും ഒഴുകുന്നുണ്ട്. കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചത് ഇവിടെനിന്നാണെന്ന സംശയത്താൽ ഇന്ന് ജില്ലാ ആരോഗ്യവകുപ്പ് സംഘം സ്ഥലം സന്ദർശിച്ച് ഇവിടത്തെ വെള്ളം പരിശോധിക്കാനായി എടുക്കും.
പരിശോധനാ ഫലം വരുന്നതു വരെ കാരക്കുണ്ട് വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം നിരോധിച്ചതായി കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.