കൊച്ചി: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍ അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തൃശൂര്‍ പാടൂര്‍ സ്വദേശി അജ്സല്‍ (12) രോഗമുക്തനായി വീട്ടിലേക്കു മടങ്ങി. വെങ്കിടങ്ങ് പാടൂര്‍ വാണീവിലാസം യുപി സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് അജ്സല്‍.
പ്രതീക്ഷിച്ചതിലും വേഗത്തില്‍ കുട്ടി രോഗമുക്തി നേടിയതായി ചികിത്സയ്ക്കു നേതൃത്വം നല്കിയ പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ. കെ.പി. വിനയന് പറഞ്ഞു. പീഡിയാട്രിക് ന്യൂറോളജി വിഭാഗം അസോ. പ്രഫസര്‍ ഡോ. വൈശാഖ് ആനന്ദ്, പീഡിയാട്രിക് പള്‍മനറി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവി ഡോ. സജിത് കേശവന്, ഡോ. ഗ്രീഷ്മ ഐസക്, ഡോ. എന്‍.ബി. പ്രവീണ എന്നിവരടങ്ങുന്ന സംഘമാണ് കുട്ടിയെ ചികിത്സിച്ചത്.
കഴിഞ്ഞ ജൂണ്‍ ഒന്നിനാണ് പനിയെത്തുടര്‍ന്ന് അജ്സലിനെ പാടൂരിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. പനി കൂടിയതോടെ പിറ്റേന്ന് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും പിന്നീട് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്കും മാറ്റി.
ഇവിടെ ചികിത്സയിലിരിക്കെ കുട്ടിയുടെ സെറിബ്രോ സ്പൈനല്‍ ഫ്ളൂയിഡ് സാമ്പിള്‍ അയച്ചു നടത്തിയ പരിശോധനയിലാണ് വെര്‍മമീബ വെര്‍മിഫോര്‍സിസ് അണുബാധയുണ്ടെന്നു സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില മോശമായതോടെ ജൂണ്‍ 16നാണ് അമൃത ആശുപത്രിയിലെത്തിച്ചത്.