പൊന്‍കുന്നം: എലിക്കുളം മഞ്ചക്കുഴി തമ്പലക്കാട് റോഡില്‍ പൊതുകത്തിനു സമീപം ചപ്പാത്ത് ജഗ്ഷനില്‍ അമോണിയ ചേര്‍ന്ന റബര്‍ പാല് കയറ്റി വന്ന ടാങ്കര്‍ ലോറി മറിഞ്ഞു.
ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. ഇയാളെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു പ്രഥമ ശുശ്രൂഷയ്ക്കു ശേഷം വിട്ടയച്ചു. ലോറിയിലെ അമോണിയ ചേര്‍ന്ന റബര്‍ പാല് തോട്ടിലേക്ക് ഒഴുകുന്നുണ്ട്.
തോട്ടിലെ മീനുകള്‍ ചത്തിട്ടുണ്ട്. ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം. തമ്പലക്കാട് ആര്‍കെ റബേഴ്സില്‍ നിന്നും അമോണിയ ചേര്‍ന്ന റബര്‍ പാല് കയറ്റി വരുകായിരുന്നു ലോറി.
മഞ്ചക്കുഴി തോടിന് സമീപം കിണര്‍ വെള്ളം ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കണമെന്നും ആരും പരിഭ്രമിക്കേണ്ട ആവശ്യമില്ലെന്നും പഞ്ചായത്ത്- ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
വെള്ളത്തിന് ഗന്ധമോ, നിറം മാറ്റമോ ശ്രദ്ധയില്‍ പെട്ടാല്‍ കിണര്‍ തേകുകയും, ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് കിണര്‍ ശുദ്ധീകരിക്കുകയും ചെയ്യണമെന്ന് അധികൃതര്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
ലോറി ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്താന്‍ രാവിലെ ശ്രമം നടത്തിയെങ്കിലും വൈദ്യുതി ലൈനുകള്‍ സമീപത്തുള്ളതിനാല്‍ സാധിച്ചില്ല. വൈദ്യുതി ലൈനുകള്‍ അഴിച്ചു മാറ്റി ലോറി ഉയര്‍ത്താനുള്ള ശ്രമം നടന്നു വരുന്നു.