ബംഗാള്‍ ഉള്‍ക്കടലില്‍ ഈ നൂറ്റാണ്ടില്‍ രൂപം കൊണ്ട ആദ്യത്തെ സൂപ്പര്‍ സൈക്ലോണായി ഉംപുണ്‍. മണിക്കൂറില്‍ 265 കിലോമീറ്റര്‍ വേഗതയിലാണ് ബംഗാള്‍ ഉള്‍ക്കടലില്‍ ഈ ചുഴലിക്കൊടുങ്കാറ്റ് വീശുന്നത്. ചുഴലിക്കാറ്റുകളുടെ ഗണത്തില്‍ ഏറ്റവും ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റിനെയാണ് സൂപ്പര്‍ സൈക്ലോണ്‍ എന്ന് പറയുന്നത്.
അതിവേഗത്തിലാണ് ഉംപുണ്‍ കരുത്താര്‍ജിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ബുധനാഴ്ച ഉംപുണ്‍ തീരം തൊടുമെന്നാണ് കണക്കുകൂട്ടല്‍.
പശ്ചിമബംഗാള്‍, ഒഡിഷ തീരങ്ങളില്‍ നിന്ന് 15 ലക്ഷത്തോളം പേരെയാണ് മാറ്റിപ്പാര്‍പ്പിക്കുന്നത്. കര തൊടുമ്പോഴും കാറ്റ് 200ലധികം കിലോമീറ്ററില്‍ ആഞ്ഞു വീശുമെന്നാണ് കരുതുന്നത്.
ഒഡീഷ,പശ്ചിമ ബംഗാള്‍, സിക്കിം, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ മെയ് 21 വരെ കാറ്റിന്റെ പ്രഭാവത്തില്‍ കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
ഒഡീഷയിലെ പാരാദ്വീപിന് 870 കിലോമീറ്റര്‍ തെക്കും പശ്ചിമബംഗാളിന്റെ ദിഘയുടെ 1110 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറും ഭാഗത്തായാണ് ഇപ്പോള്‍ ചുഴലിക്കാറ്റുള്ളത്.
ഈ രണ്ട് മേഖലകള്‍ക്കിടയില്‍ത്തന്നെ ഉംപുണ്‍ ബുധനാഴ്ചയോടെ ഇന്ത്യന്‍ തീരം തൊടുമെന്നാണ് കണക്കുകൂട്ടല്‍. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളിലും ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കനത്ത മഴയും കാറ്റുമുണ്ടാകും.
തമിഴ്‌നാട്ടിലെ രാമേശ്വരത്ത് കടല്‍ത്തീരത്ത് നിര്‍ത്തിയിട്ടിരുന്ന 200ഓളം ബോട്ടുകള്‍ തകര്‍ന്നു. കര്‍ണാടകയുടെ പല മേഖലകളിലും ശക്തമായ മഴയുണ്ട്. ഒഡീഷയില്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പ്രത്യേകസംഘത്തെ നിയോഗിച്ചാണ് രക്ഷാദൗത്യത്തിനും മുന്നൊരുക്കങ്ങള്‍ക്കും മുഖ്യമന്ത്രി നവീന്‍ പട്‌നായിക് നേതൃത്വം നല്‍കുന്നത്.
”ഈ വര്‍ഷം കൊറോണവൈറസിന്റെ ഭീഷണി കൂടി നിലനില്‍ക്കുന്നതിനാല്‍ ആളുകളെ ഒരുകാരണവശാലും കൂട്ടത്തോടെ പാര്‍പ്പിക്കാനാകില്ല.
സാമൂഹിക അകലം പാലിച്ച് ആളുകളെ താമസിപ്പിക്കാനാകുന്ന തരത്തില്‍ വലിയ താത്കാലിക രക്ഷാകേന്ദ്രങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്.
മിക്കവയും സ്‌കൂള്‍, കോളേജ് കെട്ടിടങ്ങളാണ്”, എന്ന് ഒഡിഷയിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സ്‌പെഷ്യല്‍ ഓഫീസര്‍ പ്രദീപ് ജെന അറിയിച്ചു.
കോവിഡ് പ്രതിസന്ധിയില്‍ രാജ്യം വലയുമ്പോള്‍ പശ്ചിമബംഗാളിലും ഒഡീഷയിലും കനത്ത പ്രതിസന്ധി തീര്‍ക്കുകയാണ് ചുഴലിക്കാറ്റ്.
ചുഴലിക്കാറ്റ് തീരം തൊടുമെന്ന് കണക്കുകൂട്ടപ്പെടുന്ന ജഗത് സിംഗ്പൂരില്‍, എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.
നാളെയോടെ കടലോരമേഖലയിലെയും നഗരങ്ങളിലെ ചേരികളിലും താമസിക്കുന്ന എല്ലാവരെയും ഒഴിപ്പിക്കും. ദേശീയ ദുരന്ത നിവാരണസേനയെ വിന്യസിച്ചതായും ജില്ലാ ഭരണകൂടം അറിയിക്കുന്നു.
ജഗത് സിംഗ് പൂരിന് പുറമേ, ഒഡിഷയിലെ പുരി, കേന്ദ്രപാഡ, ബാലാസോര്‍, ജാപൂര്‍, ഭാദ്രക്, മയൂര്‍ഭാജ് എന്നിവിടങ്ങളിലും കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.
ബംഗ്ലാദേശിലും കാറ്റിന്റെ പ്രഭാവത്തില്‍ ശക്തമായ മഴയും കാറ്റുമുണ്ടാകും. പശ്ചിമബംഗാളില്‍ നോര്‍ത്ത്, സൗത്ത് പര്‍ഗാനാസ്, കൊല്‍ക്കത്ത, ഈസ്റ്റ, വെസ്റ്റ് മിദ്‌നാപൂര്‍, ഹൗറ, ഹൂഗ്ലി എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.