മാവേലിക്കര: ചെട്ടികുളങ്ങരയിൽ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് വൃദ്ധ ദന്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ആത്മഹത്യാ ശ്രമമാണ് ഉണ്ടായതെന്നു പോലീസിന്റെ സംശയം .
ആത്മഹത്യാ ശ്രമമാണെങ്കിൽ നിറഞ്ഞിരിക്കുന്ന ഗ്യാസ് സിലിണ്ടറുകൾ അടുക്കളയിൽനിന്ന് എടുത്തുകൊണ്ട് കിടപ്പുമുറിയിൽ എത്തിച്ചത് ആരെന്ന സംശയമാണ് നാട്ടുകാർക്കിടയിൽ നിലനിൽക്കുന്നത്.
എണ്പത് വയസുകാരനായ രാഘവനും ശാരീരികമായി അവശതയിലുള്ള മണിയമ്മയ്ക്കും ഇതുസാധിക്കുമോ എന്ന ചോദ്യമാണ് പ്രദേശവാസികൾ ഉയർത്തുന്നത്.
അടുക്കളയിൽ ഗ്യാസ് അടുപ്പിൽ നിന്ന് റെഗുലേറ്റർ വേർപെടുത്തുന്നതുതന്നെ ശ്രമകരമായ ജോലിയാണെന്ന് ഈരംഗത്തെ വിദഗ്ധരും പറയുന്നു. മറിച്ച് അപകടമാണെങ്കിൽ എന്തിന് ഗ്യാസ് സിലിണ്ടർ മുറിക്കുള്ളിൽ എത്തിച്ചു എന്ന സംശയവും നിലനിൽക്കുന്നു.
വീട്ടിൽ ഉണ്ടായിരുന്നതിൽ രണ്ട് ഗ്യാസ് സിലിണ്ടറുകൾ കിടപ്പുമുറിയിൽ എത്തിച്ച ശേഷം അടുക്കളയിൽ ഉണ്ടായിരുന്ന ഗ്യാസ് അടുപ്പിൽ നിന്ന് റഗുലേറ്റർ വേർപെടുത്തി കിടപ്പു മുറിയിൽ വെച്ചിരുന്ന ഗ്യാസ് സിലിണ്ടറുകളിൽ ഒന്നിൽ റെഗുലേറ്റർ ഘടിപ്പിക്കുകയും തുടർന്ന് പാചകവാതകം തുറന്നുവിട്ട് ആത്മഹത്യയ്ക്കു ശ്രമിച്ചതാകാമെന്നുമാണ് പോലീസിന്റെ സംശയം.
ഇതിനെ സാധൂകരിക്കുന്നവിധം അടുക്കളയിലെ ഗ്യാസ് അടുപ്പിരിക്കുന്ന സ്ലാബിനു താഴെയായി റെഗുലേറ്റർ ഗ്യാസ് അടുപ്പിന്റെ ഓസിൽ നിന്നു വേർപെടുത്താൻ ഉപയോഗിച്ച ഉപകരണങ്ങളും ഇരിപ്പുണ്ടായിരുന്നു.
കൂടാതെ പൊട്ടിത്തെറിച്ച ഗ്യാസ് സിലിണ്ടറിന്റെ നോബിൽ റെഗുലേറ്ററിന്റെ കത്തിക്കരിഞ്ഞ കുറച്ച് അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.
തീപിടിത്തത്തിൽ ഭിത്തിയിലെ സിമന്റ് പ്ലാസ്റ്ററിംഗുകളും മറ്റും കത്തിക്കരിഞ്ഞു കിടന്നിരുന്ന മൃതദേഹത്തിലേക്ക് വീണ നിലയിലായിരുന്നു. മണിയമ്മയുടെ മൃതദേഹം കിടപ്പുമുറിയുടെ കിഴക്കുഭാഗത്തും രാഘവന്റെ മൃതദേഹം മുറിയുടെ വാതിലിനോട് ചേർന്ന് മുറിയുടെ വടക്ക് ഭാഗത്തുമായിരുന്നു കിടന്നിരുന്നത്.