ചാരുംമൂട് : ശാരീരിക വിഷമകത അനുഭവിക്കുന്ന ഭിന്നശേഷിക്കാർക്ക് അനായാസ സേവനമൊരുക്കുവാൻ മാവേലിക്കര ജോയിന്റ് ആർടിഒ ഓഫീസ് സജ്ജമായി. വിവിധ ആവശ്യങ്ങൾക്കായി ഓഫീസിൽ എത്തുന്ന ഭിന്നശേഷിക്കാർക്ക് മുൻഗണന നൽകുന്ന രീതിയിലാണ് ഓഫീസ് സംവിധാനങ്ങൾ പുന:ക്രമീകരിച്ചത്.
സേവനങ്ങൾക്ക് എത്തുന്ന ഭിന്നശേഷിക്കാർക്ക് പ്രത്യേക ഇരിപ്പിടം സജ്ജീകരിക്കുകയും അത് അവർക്കായി സംവരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. സേവനങ്ങൾക്ക് എത്തുന്ന ഭിന്നശേഷിക്കാരെ മുൻഗണനയോടുകൂടി പരിഗണിക്കാനും ആവശ്യമെന്നാൽ വാഹനത്തിന്റെ അരികിലേക്കുചെന്ന് സേവനം നൽകാനും ജോയിന്റ് ആർടിഒ എം ജി മനോജ് ജീവനക്കാർക്ക് നിർദേശവും നൽകിയിട്ടുണ്ട്. വീൽചെയർ ഉപയോഗിക്കുന്ന ഭിന്നശേഷിക്കാർക്ക് പടികൾ കടക്കാനുള്ള പ്രയാസം മുൻനിർത്തി പ്രത്യേക റാമ്പും സജ്ജീകരിച്ചു.
മാവേലിക്കര ജോയിന്റ് ആർടി ഓഫീസിന്റെ ഭിന്നശേഷി സൗഹൃദമായ മുൻകാല പ്രവർത്തനങ്ങൾ ജനശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ വർഷം വെണ്മണിയിൽ നിന്നു മാന്നാർ പരുമലയിൽ മെഴുകുതിരി വിൽക്കാൻ പോയ ഭിന്നശേഷി കുടുംബത്തെ സ്വകാര്യ ബസിൽ നിന്ന് ഇറക്കിവിട്ട സംഭവം വരെ ഉണ്ടായിട്ടുണ്ട്.
വെണ്മണിയിൽ നിന്നു മാവേലിക്കരയിൽ ഇറങ്ങാനാണ് കുടുംബം ബസിൽ കയറിയത്. എന്നാൽ മാവേലിക്കര ബസ് സ്റ്റാൻഡിൽ കയറാതെ ബസ് കായംകുളത്തിന് പോകാൻ ശ്രമിച്ചു. സ്റ്റാൻഡിലാണ് ഇറങ്ങേണ്ടതെന്ന് ഭിന്നശേഷി കുടുംബം പറഞ്ഞപ്പോൾ ജീവനക്കാർ ഇവരെ ടൗണിൽ ഇറക്കിവിടുകയായിരുന്നു.
തുടർന്ന് ഇവർ മാവേലിക്കര ജോയിന്റ് ആർടിഒ എം.ജി. മനോജിന് നടന്ന സംഭവം സംബന്ധിച്ച് പരാതി നൽകിയതിനെ തുടർന്ന് ജോയിന്റ് ആർടി ഓയുടെ നിർദേശ പ്രകാരം ഭിന്നശേഷി കുടുംബത്തെ മോട്ടോർ വാഹന വകുപ്പിന്റെ വാഹനത്തിൽ ഉദ്യോഗസ്ഥർ പരുമല പള്ളിയിൽ എത്തിക്കുകയും അവിടെ നിന്ന് മെഴുകുതിരി വിൽപ്പനയ്ക്കുശേഷം കുടുംബത്തെ അവരുടെ വീട്ടിൽ എത്തിക്കുകയും ചെയ്തിരുന്നു.
മാവേലിക്കര മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ കാരുണ്യപരവും മനുഷ്യത്വപരവുമായ ഇടപെടലിന് വലിയ ജനപിന്തുണയും പ്രശംസയും ലഭിച്ചിരുന്നു. സംഭവം മാധ്യമങ്ങളിലും വലിയ വാർത്തയായി.
അന്നത്തെ സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ നിയമ നടപടിയും മാവേലിക്കര ജോയിന്റ് ആർടിഒ സ്വീകരിച്ചിരുന്നു.
നൗഷാദ് മാങ്കാംകുഴി