കൊല്ലം: വന്ദേ ഭാരതിന് ശേഷം റെയിൽവേ അവതരിപ്പിക്കുന്ന അമൃത് ഭാരത് എക്സ്പ്രസിന്റെ രാജ്യത്തെ ആദ്യ സർവീസ് 30 ന് ആരംഭിക്കുമെന്ന് സൂചന.
ഡൽഹിയിൽ നിന്ന് അയോധ്യ വഴി ബിഹാറിലെ ദർഭംഗയിലേയ്ക്കാണ് ആദ്യ ടെയിൻ. ഇതിന്റെ ഫ്ലാഗ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും.
അമൃത ഭാരത് എക്സ്പ്രസിന്റെ രണ്ട് റേക്കുകളുടെ നിർമാണം പൂർത്തിയായി എന്നാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.
അങ്ങനെയെങ്കിൽ രണ്ടാമത്തെ റേക്ക് ദക്ഷിണ റെയിൽവേയ്ക്ക് ആയിരിക്കും എന്നാണ് വിവരം. ഇതിന്റെ റൂട്ട് കൂടി നിശ്ചയിച്ചാൽ രണ്ട് വണ്ടികളുടെയും ഉദ്ഘാടനം ഒരു ദിവസം തന്നെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനുള്ള സാധ്യതയുമുണ്ട്.
ചെലവ് കുറഞ്ഞ ദീർഘ ദൂര യാത്ര എന്നതാണ് അമൃത് ഭാരത് എക്സ്പ്രസിലൂടെ റെയിൽവേ വിഭാവന ചെയ്യുന്നത്.വന്ദേ ഭാരതിന്റെ പുഷ്പുൾ- സ്ലീപ്പർ പതിപ്പാണ് അമൃത് ഭാരത്. രണ്ട് അറ്റത്തും ഒരോ എൻജിൻ വീതം ഉണ്ടാകും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
വേഗത ത്വരിതപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇത് ഏർപ്പെടുത്തിയിട്ടുള്ളത്. അമൃത് ഭാരതിന്റെ പരമാവധി വേഗത 130 കിലോമീറ്ററായിരിക്കും. നിലവിൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസുകളാണ് ഈ വേഗതയിൽ ഓടുന്നത്. നോൺ ഏസി എൽഎച്ച് ബി കോച്ചുകളാണ് ഇതിലുള്ളത്.
12 വെക്കന്റ് ക്ലാസ് ത്രീടയർ, എട്ട് ജനറൽ സെക്കൻഡ് ക്ലാസ്, രണ്ട് ഗാർഡ് റൂം എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ. ഗാർഡ് റൂമിന്റെ പകുതി ഭാഗത്ത് സ്ത്രീകൾക്കും, അംഗ പരിമിതർക്കും സഞ്ചരിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
800 കിലോമീറ്റർ ദൈർഘ്യമുള്ള നഗരങ്ങളെ ബന്ധിപ്പിച്ച് ഭാവിയിൽ കൂടുതൽ അമൃത് ഭാരത് സർവീസുകൾ നടത്താൻ റെയിൽവേയ്ക്ക് പദ്ധതിയുണ്ട്. പത്ത് മണിക്കൂറിലധികം സമയ ദൈർഘ്യമുള്ള റൂട്ടുകൾക്ക് മുൻഗണന നൽകും.
ചെലവ് കുറഞ്ഞ ദീർഘദൂര സർവീസുകളായ അമൃത ഭാരത് ട്രെയിനുകൾ നോൺ ഏസി സ്ലീപ്പർ കം അൺ റിസർവ്ഡ് ക്ലാസ് സർവീസ് എന്ന പേരിലാണ് അറിയപ്പെടുക. ഇതോടൊപ്പം അഞ്ച് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ഉദ്ഘാടനവും നടത്താൻ ഇന്ത്യൻ റെയിൽവേയ്ക്ക് പദ്ധതിയുണ്ട്. ഇവയുടെ റൂട്ടുകൾ സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല.
അയോധ്യ – ന്യൂഡൽഹി, വൈഷ്ണവ് ദേവി – ന്യൂഡൽഹി, കോയമ്പത്തൂർ – ബെംഗളുരു, ജൽന – മുംബൈ, അമൃത് സർ – ന്യൂഡൽഹി സർവീസുകളാണ് പരിഗണിക്കപ്പെടുന്നത്.
എസ്.ആർ.സുധീർ കുമാർ