പട്ടിക്കാട്: സ്കൂൾ വരാന്തയിൽ 12വയസുകാരി കുഴഞ്ഞു വീണു മരിച്ചു. പീച്ചി കോമാട്ടിൽ ശശിധരൻ-രാജി ദന്പതികളുടെ മകൾ അമൃതയാണ് ഇന്നുരാവിലെ പട്ടിക്കാട് ഗവ.ഹയർ സ്ക്കെണ്ടറി സ്കൂളിലെ വരാന്തയിൽ കുഴഞ്ഞുവീണു മരിച്ചത്. സ്കൂളിൽ നടക്കുന്ന മോട്ടിവേഷൻ ക്ലാസിൽ പങ്കെടുക്കാനായി രാവിലെ ഒന്പതേമുക്കാലോടെയാണ് അമൃത വീട്ടിൽ നിന്നും പോയത്.
കോഴ്സിന്റെ ഭാഗമായ നാടകം പരിശീലിക്കാനായി മറ്റുള്ളവരോടൊപ്പം ക്ലാസിന് പുറത്തു നിന്നും വരാന്തയിലേക്ക് കയറി ഇരുന്ന് അൽപസമയത്തിനകം പിന്നിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. സ്കൂളിന് തൊട്ടടുത്തുള്ള അമൃതയുടെ വീട്ടിൽ സ്കൂൾ അധികൃതർ വിവരമറിയിക്കുകയും അമൃതയുടെ അച്ഛനും സ്കൂൾ അധികൃതരും ചേർന്ന് ഉടൻ പീച്ചീസ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ജൻമന അമൃതയ്ക്ക് ഹൃദയസംബന്ധമായ ചില തകരാറുകൾ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് പറയുന്നു. പീച്ചി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. എട്ടാം ക്ലാസിലേക്ക് ജയിച്ചിരിക്കുകയായിരുന്നു അമൃത. സഹോദരൻ അനിൽ. തൃശൂരിലെ ജ്വല്ലറിയിൽ സെക്യൂരിറ്റി ജീവനക്കാരനാണ് അമൃതയുടെ അച്ഛൻ ശശിധരൻ.