ന്യൂഡൽഹി: വിവാദ ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് അമൃത്പാൽ സിംഗ് കീഴടങ്ങാൻ തയാറായതായി സൂചന. കീഴടങ്ങുന്നതുമായി ബന്ധപ്പെട്ട് മൂന്നു നിബന്ധനകൾ പോലീസിനു മുന്പിൽ വച്ചതായാണ് റിപ്പോർട്ട്.
താൻ കീഴടങ്ങിയതാണെന്ന് പോലീസ് വെളിപ്പെടുത്തണം, പോലീസ് കസ്റ്റഡിയിൽ മർദിക്കരുത്, പഞ്ചാബിലുള്ള ജയിലിൽ പാർപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് അമൃത്പാൽ മുന്നോട്ടുവച്ചതെന്നാണ് വിവരം.
അമൃത്സറിലെ സുവർണക്ഷേത്രത്തിലെത്തി കീഴടങ്ങാനാണ് അമൃത്പാലിന്റെ നീക്കമെന്നാണു സൂചനകൾ. കീഴടങ്ങുമെന്ന അഭ്യൂഹങ്ങൾ പുറത്തുവന്നതോടെ അമൃത്സറിലടക്കം കനത്ത സുരക്ഷ പോലീസ് ഏർപ്പെടുത്തി.
പോലീസ് തെരച്ചിൽ തുടരുന്നതിനിടെ ഒളിവില്‍ കഴിയുന്ന അമൃത്പാൽ ഇന്നലെ വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. മാർച്ച് 18നുശേഷം ആദ്യമായാണ് അമൃത്പാലിന്റെ വീഡിയോ പുറത്തുവരുന്നത്.
ദൈവാനുഗ്രഹം കൊണ്ടാണ് പോലീസിന്റെ പിടിയിൽനിന്നു രക്ഷപ്പെടാൻ കഴിഞ്ഞതെന്ന് അമൃത്പാൽ വീഡിയോയില്‍ പറയുന്നുണ്ട്. സിക്കുമതം പിന്തുടരുന്നതിൽ തന്റെ അനുയായികളെ കസ്റ്റഡിയിലെടുത്തെന്നും വീഡിയോയിൽ അമൃത് പാൽ കുറ്റപ്പെടുത്തുന്നു.