ന്യൂഡൽഹി: പഞ്ചാബിലെ ഖാദൂർ സാഹിബ് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ജയിലിൽ കഴിയുന്ന വിഘടനവാദി നേതാവ് അമൃതപാൽ സിംഗിനു തെരഞ്ഞെടുപ്പ് ചിഹ്നമായി “മൈക്ക്’ അനുവദിച്ചു.
“വാരിസ് പഞ്ചാബ് ദേ’ എന്ന സംഘടനയുടെ തലവനായ അമൃത്പാൽ ദേശീയ സുരക്ഷാനിയമപ്രകാരം അസമിലെ ദിബ്രുഗഡ് ജയിലിലാണ്.
ഫരീദ്കോട്ട് (റിസർവ്) മണ്ഡലത്തിൽനിന്നു സ്വതന്ത്രനായി മത്സരിക്കുന്ന സരബ്ജീത് സിംഗ് ഖൽസയ്ക്കു തെരഞ്ഞെടുപ്പ് ചിഹ്നമായി “ഗന്ന കിസാൻ’ (കരിമ്പ് കർഷകൻ) അനുവദിച്ചു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഘാതകരിൽ ഒരാളായ ബിയാന്ത് സിംഗിന്റെ മകനാണ് ഖൽസ.
അതേസമയം, പഞ്ചാബിലെ 13 ലോക്സഭാ സീറ്റുകളിലേക്ക് മത്സരിക്കുന്ന 328 സ്ഥാനാർഥികൾക്ക് ഇന്ത്യൻ കമ്മീഷന്റെ നിർദ്ദേശപ്രകാരം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർ തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ചു. പഞ്ചാബിലെ വോട്ടെടുപ്പ് ജൂൺ ഒന്നിനു നടക്കും.