മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ ഭാര്യ അമൃതയ്‌ക്കെതിരേ ലൈഗിംക പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് വക്താവ് അല്‍ നസീര്‍ സക്കാരിയയ്‌ക്കെതിരേ ബിജെപി. സൂപ്പര്‍താരം അമിതാഭ് ബച്ചനും അമൃതയും ഒന്നിച്ചഭിനയിച്ച ആല്‍ബം പുറത്തിറങ്ങാനിരിക്കെയാണ് സക്കാരിയ വേഷവിധാനങ്ങളെക്കുറിച്ച് ലൈംഗികച്ചുവയുള്ള വിവാദ പരാമര്‍ശം നടത്തിയത്. സ്ത്രീകള്‍ക്കെതിരായുള്ള അക്രമങ്ങള്‍ തടയുന്നതില്‍ നിയമ സംവിധാനങ്ങള്‍ പരാജയപ്പെടുന്നുവോ എന്ന വിഷയത്തില്‍ ഒരു ദേശീയ ചാനല്‍ നടത്തിയ ചര്‍ച്ചയിലാണ് സക്കാരിയ ഇതു പറഞ്ഞത്.
സക്കാരിയയുടെ പ്രസ്താവനയെ ചര്‍ച്ചയില്‍ ഒപ്പമുണ്ടായിരുന്നവര്‍ പോലും വിമര്‍ശിച്ചപ്പോള്‍ സക്കാരിയ ക്ഷമാപണം നടത്തുകയും ചെയ്തു. ചര്‍ച്ചയുടെ ഓണ്‍ലൈന്‍ വീഡിയോയില്‍ സക്കാരിയയുടെ പ്രസ്താവനയുടെ ഭാഗത്ത് ബീപ് ശബ്ദമാണുള്ളത്. ബിജെപിയുടെ പുരുഷ, വനിതാ വിഭാഗങ്ങളില്‍ നിന്നും സക്കാരിയയ്‌ക്കെതിരേ ശക്തമായ പ്രതിഷേധമാണുയരുന്നത്. എന്നാല്‍ ഫട്‌നാവിസ് കുടുംബം ഇതിനെതിരേ ഇതുവരെ പ്രതികരിച്ചിട്ടയെന്നതും ശ്രദ്ധേയമാണ്.
മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ വിജയാ രഹാത്കറും സക്കാരിയയ്‌ക്കെതിരേ രൂക്ഷമായിത്തന്നെയാണ് പ്രതികരിച്ചത്. എല്ലാ പാര്‍ട്ടിയുടെ നേതാക്കളുടെ ഭാര്യമാര്‍ക്കും പെണ്‍മക്കള്‍ക്കും വേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്നും രഹാത്കര്‍ പറഞ്ഞു. വീഡിയോ വിശദമായി പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ നടപടിയെടുക്കുമെന്നും രഹാത്കര്‍ വ്യക്തമാക്കി.
ഇന്ദിരാഗാന്ധി, സോണിയ ഗാന്ധി തുടങ്ങിയ വനിതാപ്രസിഡന്റുമാരുടെ കീഴില്‍ പ്രവര്‍ത്തിച്ചതിന്റെ മുഷിച്ചിലിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇങ്ങനെയുള്ള അശ്ലീല പരാമര്‍ശനങ്ങള്‍ നടത്തുന്നതെന്നായിരുന്നു ബിജെപി വക്താവ് കേശവ് ഉപാധ്യായയുടെ പ്രതികരണം. എന്നാല്‍ ഇത് സക്കാരിയയുടെ മാത്രം അഭിപ്രായമാണെന്നും കോണ്‍ഗ്രസ് സക്കാരിയയുടെ കാഴ്ചപാടിനോടു യോജിക്കുന്നെല്ലെന്നും സംസ്ഥാന കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് വ്യക്തമാക്കി.