വൈക്കം: വൈക്കം ചെന്പ് മുറിഞ്ഞപുഴ പാലത്തിൽനിന്ന് മൂവാറ്റുപുഴയാറ്റിൽ ചാടി ജീവനൊടുക്കിയ കൊല്ലം അഞ്ചൽ, ചടയമംഗലം സ്വദേശികളായ അമൃത, ആര്യ എന്നിവർ വൈക്കത്തെത്തിയതിയൽ ദുരൂഹത.
തിരുവല്ലയിലെത്തിയ ശേഷം എറണാകുളത്തേക്ക് കെഎസ് ആർടിസി ബസിൽ ഇവർ കയറി പോന്നതാണെന്നാണ് പോലിസിന്റെ നിഗമനം. ബസിൽ വരുന്നതിനിടയിൽ വൈക്കത്തുവെച്ച് പുഴയ്ക്കു കുറുകെയുള്ള വലിയ പാലം ശ്രദ്ധയിൽപ്പെട്ട് മുറിഞ്ഞപുഴയിൽ ഇറങ്ങിയതാകാമെന്നും കരുതുന്നു.
എന്നാൽ യുവതികളെക്കുറിച്ചു ബസ് ജീവനക്കാരാരും പോലിസിൽ ഇതുവരെ വിവരങ്ങളൊന്നും നൽകിയിട്ടില്ല. ആര്യയുടെ പക്കൽ മാത്രമാണ് മൊബൈൽ ഫോണുണ്ടായിരുന്നത്. അമൃത ഫോണ് കൊണ്ടു പോന്നിരുന്നില്ല.
ആര്യയുടെ പക്കലുണ്ടായിരുന്ന ബാഗും മൊബൈലും മൃതദേഹത്തിനൊപ്പം കണ്ടെടുക്കാനായില്ല. ഇവരുടെ ഫോണുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിച്ചു വരികയാണ്.
വൈക്കത്തോ സമീപ പ്രദേശങ്ങളിലോ ഇവർക്കു പരിചയമുള്ളവർ ആരെങ്കിലുമുണ്ടോ എന്നും പോലിസ് അന്വേഷിച്ചുവരികയാണ്. ചടയമംഗലം, അഞ്ചൽ പോലീസും യുവതികളുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കുകയാണ്.