കൊല്ലങ്കോട്: ഏറെക്കാലത്തെ മുറവിളിക്കുശേഷം ജനങ്ങൾക്കു പ്രതീക്ഷ നല്കി ഇന്നലെ വൈകുന്നേരം മുതൽ അമൃത എക്സ്പ്രസ് കൊല്ലങ്കോട് സ്റ്റേഷനിൽ നിർത്തി.ട്രെയിൻ പാസഞ്ചേഴ്സ് അസോസിയേഷൻ, യാത്രക്കാർ, പാർട്ടി പ്രവർത്തകർ തുടങ്ങിയവർ ട്രെയിനിനെ മാലയണിയിച്ച് സ്വീകരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.15ന് മധുരയിൽനിന്നും പുറപ്പെട്ട അമൃത എക്സ്പ്രസ് വൈകുന്നേരം 7.20ന് കൊല്ലങ്കോട് എത്തി.
പി.കെ.ബിജു എംപി, കെ.ബാബു എംഎൽഎ, പാലക്കാട് നഗരസഭാ ചെയർപേഴ്സണ്‍ പ്രമീള ശശിധരൻ, കൗണ്‍സിലർ നടേശൻ തുടങ്ങി വൻജനാവലി സ്റ്റേഷനിൽ സന്നിഹിതരായിരുന്നു.ഏഴുമിനിറ്റോളം കൊല്ലങ്കോട് സ്റ്റേഷനിൽ ട്രെയിൻ നിർത്തി. സിപിഎം-ബിജെപി പാർട്ടികൾ തനിച്ചാണ് ട്രെയിനു സ്വീകരണം നല്‍കിയത്. ഒന്നരവർഷംമുന്‍പ് അമൃത എക്സ്പ്രസ് പാലക്കാട്-പൊള്ളാച്ചി റൂട്ടിൽ സർവീസ് തുടങ്ങിയിരുന്നു. എന്നാൽ 75 കിലോമീറ്റർ ദൂരപരിധിയിലെ ട്രെയിൻ സഞ്ചാരം ജനങ്ങൾക്ക് സ്വീകാര്യമായിരുന്നില്ല.
എന്നാൽ തിരുവനന്തപുരം-മധുര ട്രെയിൻ സർവീസ് തുടങ്ങിയതോടെ യാത്രക്കാർ സന്തോഷത്തിലാണ്. അധികം വൈകാതെ മധുരയിൽനിന്നും രാമേശ്വരംവരെ ട്രെയിൻ ദീർഘിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.തമിഴ്നാട്ടിലെ പ്രധാന തീർഥാടനകേന്ദ്രങ്ങളായ പഴനി, മധുരക്ഷേത്രങ്ങളിലേക്ക് സൗകര്യപ്രദമായി പോകുന്നതിനു ട്രെയിൻ സർവീസ് തുടങ്ങിയതിൽ തീർഥാടകരും സന്തുഷ്ടരാണ്.