കൊല്ലങ്കോട്: പാലക്കാട്-മധുര അമൃത എക്സ്പ്രസിന് കൊല്ലങ്കോടും പുതുനഗരത്തും സ്റ്റോപ്പ് അനുവദിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പ്രാവർത്തികമാക്കാത്തതിൽ പ്രതിഷേധം ശക്തം.
ഈ ആവശ്യം ഉന്നയിച്ച് കെ. ബാബു എംഎൽഎയുടെ നേതൃത്വത്തിൽ കൊല്ലങ്കോട്ടിൽ ട്രെയിൻ തടയൽ ഉൾപ്പടെ നിരവധി സമരങ്ങൾക്ക് ശേഷമാണ് റെയിവേ സ്റ്റോപ്പുകൾ അനുവദിക്കുമെന്ന് സൂചന നൽകിയത്. എന്നാൽ ഈ വിഷയത്തിൽ റെയിൽവേയുടെ മെല്ലെപ്പോക്ക് നയം യാത്രക്കാരെ നിരാശപ്പെടുത്തിയിരിക്കുകയാണ്.
നിലവിൽ പാലക്കാട്-മധുരയിലേക്ക് സർവീസ് നടത്തിവരുന്ന അമൃത എക്സ്പ്രസ് വരുമാനക്കുറവിന്റെ പേരിൽ സർവീസ് നിർത്താൻ രഹസ്യനീക്കം നടക്കുന്നതായും ജനകീയ ആരോപണംശക്തമാണ്. മീറ്റർ ഗേജ് മാറ്റം വരുത്തി ബ്രോഡ് ഗേജ് ആക്കി വികസനം നടപ്പിൽ വരുത്തിയാൽ മുന്പ് ഓടിയിരുന്ന പാസഞ്ചർ ട്രെയിനുകൾ ഉടൻ ഓടിതുടങ്ങണമെന്നാണ് വ്യവസ്ഥ.
ബ്രോഡ് വികസനത്തിന് 500 കോടിയാണ് റയിൽവേ ചിലവഴിച്ചിരിക്കുന്നത്. 2008 ൽ മീറ്റർഗേജ് സർവീസ് നിർത്തിവച്ച് ബ്രോഡ്ഗേജ് ലൈൻ നിർമാണം തുടങ്ങിയെങ്കിലും പൂർത്തിയാക്കിയത് 2016ലാണ്. എന്നാൽ 2018 ആയിട്ടും ഇതിലൂടെ യാത്രക്കാർക്ക് ഉപയോഗപ്രദമായ സർവീസ് ആരംഭിക്കാതിരിക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് പൊതുജനം ആരോപിക്കുന്നു.
മുൻകാല പാസഞ്ചർ സർവീസുകൾ പുനരാരംഭിച്ചാൽ പഴനി റൂട്ടിലുള്ള മുഴുവൻ ബസുകൾക്കും കുത്തനെ വരുമാനക്കുറവുണ്ടാകുമെന്നാണ് യാഥാർഥ്യം. അതുകൊണ്ട് ബസുടമകളുടെ കൂട്ടായ പ്രലോഭനമാണ് പാലക്കാട്-പൊള്ളാച്ചി വഴി പാസഞ്ചർ സർവീസുകൾ തുടങ്ങാതിരിക്കുന്നതെന്നാണ് യാത്രക്കാരുടെ ആരോപണം. ഈ നില തുടർന്നാൽ വീണ്ടും റെയിൽവേ അനാസ്ഥക്കെതിരെ ജനകീയ സമരങ്ങൾ രൂപപ്പെടുമെന്നതിനുള്ള സൂചനകളാണുള്ളത്.