ഷൊർണൂർ: അമൃത എക്സ്പ്രസും രാജ്യറാണിയും രണ്ടാകുന്നതോടെ അമൃത എക്സ്പ്രസ് ഷൊർണൂർ ജംഗ്്ഷൻ റെയിൽവേ സ്റ്റേഷൻ സ്പർശിക്കാതെ പോകുന്ന പ്രധാന ട്രെയിനാകും. ഇതിനകം ഒട്ടേറെ ട്രെയിനുകൾ ഷൊർണൂർ സ്പർശിക്കാതെ പോകുന്ന സാഹചര്യമാണുള്ളത്. ഈ പട്ടികയിലേക്കാണ് അമൃതയും എത്തുന്നത്.
ഈ സാഹചര്യത്തിൽ ഷൊർണൂരിലെത്തുന്നവർ ഒറ്റപ്പാലത്തോ ചെറുതുരുത്തി വള്ളത്തോൾ നഗറിലോ ചെന്ന് തലസ്ഥാനത്തേക്ക് ട്രെയിൻ കയറേണ്ട സ്ഥിതിയാണുണ്ടാകുക. അതേസമയം അമൃത സ്വതന്ത്ര ട്രെയിനാകുന്നതോടെ ഒറ്റപ്പാലം പ്രധാന സ്റ്റേഷനുമാകും. ഇരുട്രെയിനുകളും രണ്ടാക്കാൻ ഒൗദ്യോഗികമായി റെയിൽവേ തീരുമാനമെടുത്തു. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്.
തലസ്ഥാനത്തേക്ക് ഒരു ട്രെയിൻ കൂടി അധികം ഓടുമെന്ന ഗുണവുമുണ്ടാകും. അമൃതയ്ക്കൊപ്പം രാജ്യറാണി തലസ്ഥാനത്തേക്ക് പുറപ്പെടുന്നത് അമൃതയുടെ നഷ്ടം ഷൊർണൂരിനെ ബാധിക്കാത്ത സാഹചര്യമുണ്ടാക്കും. ഇപ്പോൾ അമൃതയും രാജ്യറാണിയും ഒറ്റ ട്രെയിനായാണ് ഷൊർണൂർമുതൽ യാത്ര തുടങ്ങുന്നത്.
അതേസമയം ഷൊർണൂരിൽനിന്നു പഴനി, മധുര എന്നിവിടങ്ങളിലേക്ക് യാത്രപോകുന്നവർക്ക് അമൃത വരാത്തത് നഷ്ടമാകും. നിലന്പൂർ-തിരുവനന്തപുരം രാജ്യറാണി എക്സ്പ്രസിനും മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസിനും സ്വതന്ത്രമാകുന്നതിനുള്ള കോച്ചുകൾ ലഭ്യമാകാത്ത സാഹചര്യമുള്ളതിനാലാണ് ഇത് ഒറ്റ ട്രെയിനായി യാത്ര തുടരുന്നത്.
അമൃത എക്സ്പ്രസ് സ്വതന്ത്രമാകുന്നതോടെ ഷൊർണൂരിൽ പ്രവേശിക്കാതെ മധുരയിൽനിന്നും പാലക്കാട്, ഒറ്റപ്പാലം, ഭാരതപ്പുഴ റെയിൽവേ സ്റ്റേഷൻ വഴി തിരുവനന്തപുരത്തേക്ക് പോകുന്ന സാഹചര്യമാണ് ഉണ്ടാകുക. ഇപ്പോൾ മധുര, പഴനി, പൊള്ളാച്ചി എന്നിവിടങ്ങളിലേക്ക് പോകേണ്ടവരെല്ലാം ഷൊർണൂരിലെത്തി അമൃതയിലാണ് പോകുന്നത്.
മലബാറിൽനിന്നുള്ള യാത്രക്കാരും ഈ ട്രെയിനിനെയാണ് ആശ്രയിക്കുന്നത്.
നിലവിൽ തിരുവനന്തപുരത്തുനിന്നു രാവിലെ അഞ്ചരയ്ക്ക് ഷൊർണൂരിലെത്തുന്ന അമൃത ഉച്ചയ്ക്ക് 1.10നാണ് മധുരയിൽ എത്തുന്നത്.തിരികേ 3.15ന് മധുരയിൽനിന്നു പുറപ്പെടുന്ന ട്രെയിൻ രാത്രി 11.20ന് ഷൊർണൂരിലെത്തും. ഇതിനെല്ലാം മാറ്റം വരുന്ന രീതിയിലാകും പുതിയ സമയക്രമം.