സ്വന്തം ലേഖകൻ
മട്ടന്നൂര്‍: നിലവിളിയും കരച്ചിലും കേട്ടു ഓടിയെത്തിയവര്‍ വെള്ളത്തില്‍ താഴ്ന്നു പോകുന്ന തലമുടി മാത്രമാണു കണ്ടത്. പിന്നെയൊന്നും നോക്കാതെ വെള്ളത്തിലേക്ക് എടുത്തു ചാടി രക്ഷപ്പെടുത്തിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കുരുന്നു ജീവന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മരണത്തിലേക്ക് മുങ്ങിത്താണുപോയ കൊടോളിപ്രം പാളാട്ടെ എ.വി.അമൃത (25)യാണ് നാടിന്റെ നൊമ്പരമായത്.
ഇന്നലെ രാവിലെ അയല്‍വാസികളോടൊപ്പം തുണി അലക്കാനായി നായിക്കാലി പുഴയിലെ കുളിക്കടവില്‍ പോയപ്പോഴാണ് അപകടമുണ്ടായത്.
കൂടെയുണ്ടായിരുന്ന അയല്‍വാസിയായ എട്ടുവയസുകാരന് കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. കുട്ടിയെ രക്ഷപ്പെടുത്താനായി പുഴയിലേക്ക് ചാടിയപ്പോള്‍ അമൃത പുഴയിലെ കയത്തില്‍പ്പെടുകയായിരുന്നു.
ബഹളം കേട്ട് ഓടിയെത്തിയവര്‍ അമൃതയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ജലക്ഷാമം രൂക്ഷമായതോടെ എല്ലാ ദിവസവും രാവിലെ അമൃതയും സമീപവാസികളും തുണിയലക്കാനായി നായിക്കാലി പുഴയില്‍ പോകാറുണ്ട്.
തുണിയലക്കുന്ന സ്ഥലത്ത് മുട്ടോളം മാത്രമേ വെള്ളമുണ്ടാകാറുള്ളൂ. വേനല്‍ക്കാലമായതിനാല്‍ പഴശി അണക്കെട്ടിന്റെ ഷട്ടറുകള്‍ അടച്ചതിനാല്‍ പുഴയിലെ ജലനിരപ്പ് കുറവാണ്.
എന്നാല്‍ പുഴയില്‍ നാലു മീറ്ററോളം മുന്നോട്ടു മാറിയുള്ള ചുഴിയില്‍പ്പെട്ടു പോയതാണ് അപകടകാരണമെന്ന് കരുതുന്നു.
കുട്ടിയെ അമൃത പിടിച്ചു കരയ്ക്ക് എത്തിച്ചിരുന്നു. നാല് കുട്ടികളാണ് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയത്. ഒരു കുട്ടിയാണ് ഒഴുക്കില്‍ അകപ്പെട്ടത്.
തില്ലങ്കേരി രാജീവ് മെമ്മോറിയല്‍ കോളജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷനിലെ അവസാനവര്‍ഷ ബിഎഡ് വിദ്യാര്‍ഥിയാണ് അമൃത. നന്നായി നീന്താനറിയാവുന്ന അമൃത മുങ്ങിമരിച്ചെന്ന വാര്‍ത്തയുടെ നടുക്കത്തിലാണ് നാട്ടുകാര്‍.
മട്ടന്നൂരില്‍ നിന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തുമ്പോഴേക്കും നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിച്ചിരുന്നു.
വൈകാതെ രക്ഷപ്പെടുത്തിയതിനാല്‍ ജീവന് രക്ഷിക്കാന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷയെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ നാട്ടുകാര്‍ പറഞ്ഞു.