ഷൊർണൂർ: രാജ്യറാണി, അമൃത എക്സ്പ്രസുകൾ മേയ് മാസം മുതൽ സ്വതന്ത്ര ട്രെയിനുകളാകുന്പോൾ അമൃതയ്ക്ക് 18-ഉം രാജ്യറാണിക്ക് 13-ഉം വീതം കോച്ചുകളുണ്ടാകുമെന്നു റെയിൽവേ. മേയ് ഒന്പതുമുതലാണ് ഇരു ട്രെയിനുകളും സ്വതന്ത്രമാകുക.രാത്രി 8.50 ന് കൊച്ചുവേളിയിൽനിന്നു പുറപ്പെടുന്ന രാജ്യറാണി പിറ്റേന്നു രാവിലെ 5.30ന് ഷൊർണൂരിലും 7.50 നു നിലന്പൂരിലുമെത്തും. മടക്കട്രെയിൻ രാത്രി 8.50ന് പുറപ്പെട്ട് പിറ്റേന്നു രാവിലെ ആറിനു കൊച്ചുവേളിയിലെത്തും.
തിരുവനന്തപുരം- മധുര അമൃത എക്സ്പ്രസ് രാത്രി 8.30നു തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 6.10നു പാലക്കാട്ടും ഉച്ചയ്ക്ക് 12.15നു മധുരയിലുമെത്തും. മടക്കട്രെയിൻ ഉച്ചയ്ക്ക് 3.15നു മധുരയിൽനിന്നും പുറപ്പെട്ട് രാത്രി 8.25നു പാലക്കാട്ടും പിറ്റേന്നു രാവിലെ 5.50ന് തിരുവനന്തപുരത്തുമെത്തും.
നിലവിൽ അമൃതയും രാജ്യറാണിയും 23 കോച്ചുകളുമായാണ് ഷൊർണൂർവരെ സർവീസ് നടത്തുന്നത്. ഷൊർണൂരിൽനിന്ന് 15 കോച്ചുകൾ അമൃതയായി മധുരയിലേക്കും എട്ടു കോച്ചുകൾ രാജ്യറാണിയായി നിലന്പൂരിലേക്കും പോകുന്ന രീതിയാണ് നിലവിലുള്ളത്. സെക്കൻഡ് എസി ഒന്ന്, തേഡ് എസി ഒന്ന്, സ്ലീപ്പർ ഏഴ്, ജനറൽ നാല് എന്നിങ്ങനെയാണ് രാജ്യറാണിയുടെ കോച്ചുകൾ.
അമൃത എക്സ്പ്രസിനു സെക്കൻഡ് എസി രണ്ട്, തേഡ് എസി രണ്ട്, സ്ലീപ്പർ 10, ജനറൽ നാല് എന്നിങ്ങനെയാണ് കോച്ചുകൾ. ഇരു എക്സ്പ്രസുകൾക്കും കോച്ചുകൾ കൂടിയ സാഹചര്യം യാത്രക്കാർക്ക് ഏറെ ഗുണകരമാകും. അമൃത എക്സ്പ്രസിനു കൊല്ലങ്കോട് സ്റ്റോപ്പ് അനുവദിച്ചത് ഇവിടെയുള്ള യാത്രക്കാർക്കും വളരെ സഹായകമാകും.
അതേസമയം, ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ ഒഴിവാക്കിയശേഷമാകും അമൃത പുതിയ സംവിധാനപ്രകാരം തിരുവനന്തപുരത്തേക്കു യാത്ര തിരിക്കുക.