സംഗീത സംവിധായകൻ ഗോപി സുന്ദറിനൊപ്പം ജീവിതം തുടങ്ങിയിട്ട് ഒരു വർഷം പൂർത്തിയായ സന്തോഷം പങ്കുവച്ച് ഗായിക അമൃത സുരേഷ്. പൂമാലയും സിന്ദൂരവും ചാർത്തിയുള്ള ചിത്രത്തിനൊപ്പം ഒരു വർഷം എന്നാണ് അമൃത കുറിച്ചിരിക്കുന്നത്.
2022 മേയിൽ ആയിരുന്നു ഗോപി സുന്ദറും അമൃതയും ആദ്യമായി ഇരുവരും ഒന്നിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. “പിന്നിട്ട കാതങ്ങള്‍ മനസില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്’എന്നായിരുന്നു ചിത്രത്തിന് അടിക്കുറിപ്പായി നൽകിയത്.
അടുത്തിടെ “ലോകത്തിലെ ഏറ്റവും നല്ല ഭർത്താവ്’എന്ന് കുറിച്ചുകൊണ്ട് ഗോപി സുന്ദറിന്റെ ചിത്രം അമൃത സുരേഷ് പങ്കുവച്ചിരുന്നു. എന്നാൽ ഈ ചിത്രത്തിന് താഴെ നിരവധി നെഗറ്റീവ് കമന്റ്സും എത്തിയിരുന്നു.
ഇത്തരം കമന്റുകൾക്കെതിരെ അമൃതയുടെ സഹോദരിയും ഗായികയുമായ അഭിരാമി സുരേഷ് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. കഴിഞ്ഞ മാസമാണ് അമൃതയുടെ അച്ഛനും ഓടക്കുഴൽ കലാകാരനുമായ സുരേഷ് അന്തരിച്ചത്.
സ്ട്രോക്കിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെ ആയിരുന്നു അന്ത്യം. വീട്ടിൽ വച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.