കമൽഹാസനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന ഇൻഡ്യൻ-2 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടം തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.
ചെന്നൈയിലെ പൂനമല്ലിയിലെ ഇവിപി ഫിലിംസിറ്റിയിലെ ലൊക്കേഷനിൽ നടന്ന ചിത്രീകരണത്തിനിടെ കൂറ്റൻ ക്രെയിൻ തകർന്നു വീണുണ്ടായ അപകടത്തിൽ മൂന്നു പേരാണ് മരിച്ചത്.
അസിസ്റ്റന്റ് ഡയറക്ടർ കൃഷ്ണ(34), ആർട്ട് അസിസ്റ്റന്റ് ചന്ദ്രൻ(60), പ്രൊഡക്ഷൻ അസിസ്റ്റന്റ് മധു(29) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഒൻപതു പേർക്ക് പരിക്കേറ്റു.
വിജയ് നായകനായ ബിഗിൽ എന്ന സിനിമ ഈ സെറ്റില്‍ വച്ചു ചിത്രീകരിക്കുന്നതിനിടെയും അപകടം നടന്നിരുന്നു. ഇപ്പോഴിതാ ആ സ്ഥലം മോശമാണെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ബിഗിൽ താരം അമൃത.
സിനിമാ ചിത്രീകരണത്തിനായി ആരും അവിടെ പോകരുതെന്നും മോശമായ എന്തോ ഒന്ന് അവിടെയുണ്ടെന്നുമാണ് അമൃത പറയുന്നത്. ട്വിറ്ററിലാണ് അമൃത ഇതേപ്പറ്റി കുറിച്ചത്. അത്യധികം വേദനിപ്പിക്കുന്ന സംഭവമാണ് നടന്നത്. ആ സ്ഥലം വളരെ ഭയപ്പെടുത്തുന്ന ഒന്നാണ്.
ബിഗില്‍ ചിത്രീകരിക്കുമ്പോള്‍ ഇതുപോലെ ഒരു ലൈറ്റ് ഒരാളുടെ ദേഹത്ത് വീണു. അന്ന് ഞങ്ങളെല്ലാം ഇപ്പോഴത്തേതിന് സമാനമായി മാനസികമായി തകര്‍ന്നു.
അവിടെ സിനിമ ചിത്രീകരിക്കാന്‍ പോകരുതെന്ന് ഞാന്‍ എല്ലാവരോടും അപേക്ഷിക്കുകയാണ്. മോശമായ എന്തോ ഒന്ന് അവിടെയുണ്ട്- അമൃത പറയുന്നു.