വൈക്കം: ആദ്യത്തെ കണ്മണിയെ ഗർഭം ധരിച്ചശേഷം ജോലിസ്ഥലത്തേക്ക് മടങ്ങിയ പ്രിയതമ പ്രസവത്തിനായി അവധിയിലെത്തുന്നതു കാത്തിരുന്ന ഭർത്താവിനും മാതാപിതാപിതാക്കൾക്കും അമൃതയുടെ മരണം കനത്ത ദുഃഖമായി.
കഴിഞ്ഞ ജനുവരിയിൽ നാട്ടിലെത്തിയ അമൃത മെയ് മാസം തിരിച്ചു പോകുന്പോൾ ഗർഭിണിയായിരുന്നു. കോവിഡ് വ്യാപനമുണ്ടായതോടെ ഒരു കൂട്ടം നഴ്സുമാർ ആശുപത്രി അധികൃതരുടെ ആവശ്യപ്രകാരം വിദേശത്തേക്ക് സ്പെഷൽ ഫ്ളൈറ്റിൽ പോയതിൽ അമൃതയുമുണ്ടായിരുന്നു.
ഗർഭിണിയായതിനാൽ വിദേശത്തേക്ക് മടങ്ങണ്ടെന്ന് മാതാപിതാക്കളും ഭർത്താവും പറഞ്ഞെങ്കിലും നല്ല ആശുപത്രിയിൽ മികച്ച ശന്പളം ലഭിക്കുന്ന ജോലി വിട്ടുകളയാൻ അമൃതയ്ക്ക് മനസു വന്നില്ല.
പ്രസവത്തിനു മുന്പ് നാട്ടിലെത്താമെന്ന തീരുമാനത്തിലാണ് അമൃത മടങ്ങിയത്. അമൃതയുടെ സഹോദരി അഖിലയും യുകെയിൽ നഴ്സാണ്.
മക്കളെ രണ്ടുപേരെയും അവർക്കിഷ്ടപ്പെട്ട പ്രഫഷണൽ കോഴ്സ് പഠിപ്പിച്ചു ജീവിതം കരുപ്പിടിപ്പിച്ചു വരുന്നതിനിടയിൽ അകാലത്തിൽ പൊലിഞ്ഞ ഇളയ മകളുടെ വേർപാട് തീരാനാൊന്പരമായി.
ഹൃദയം തകർന്നു കരയുന്ന മാതാപിതാക്കളായ മോഹനനെയും കനകമ്മയെയും അമൃതയുടെ ഭർത്താവ് അവിനാശിനെയും ആശ്വസിപ്പിക്കാനാവാതെ നിസഹായരായി നിൽക്കുകയാണ് തലയാഴം, വെച്ചൂർ ഗ്രാമവാസികൾ.