ഹൈദരാബാദ്: ഗർഭഛിദ്രം ചെയ്യാൻ വിസമ്മതിച്ചതിനെത്തുടർന്നെന്ന് വീട്ടുകാർ കൊലപ്പെടുത്തിയ, പ്രണയ്കുമാറിന്റെ ഭാര്യ അമൃതവർഷിണി കുഞ്ഞിനു ജൻമം നൽകി. പ്രണയ്-അമൃതവർഷിണി ദന്പതികളുടെ ഒന്നാം വിവാഹ വാർഷികത്തിലാണ് അമൃതവർഷിണി ആണ്‍കുഞ്ഞിന് ജൻമം നൽകിയത്. അമൃതയുടെ വീട്ടുകാരിൽ നിന്നുള്ള ആക്രമണം ഭയന്ന് അമ്മയെയും കുഞ്ഞിനെയും രഹസ്യകേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്.
സ്കൂൾ പഠനകാലം മുതൽ അടുപ്പത്തിലായിരുന്ന പ്രണയും അമൃതവർഷിണിയും കഴിഞ്ഞ വർഷം ജനുവരിയിലാണു വിവാഹിതരായത്. ഇവർ അടുപ്പത്തിലാണെന്ന് അറിഞ്ഞതു മുതൽ ഇയാൾ പലതവണ പ്രണയ്കുമാറിനെ അമൃതയുടെ വീട്ടുകാർ ഭീഷണിപ്പെടുത്തി. എന്നാൽ, ഭീഷണികളും എതിർപ്പുകളും മറികടന്ന് ഇവർ വിവാഹിതരായി. ഇതിനു പിന്നാലെയാണ് യുവാവിനെ കൊലപ്പെടുത്താൻ മാരുതി റാവു പദ്ധതി തയാറാക്കിയത്.
പരിശോധനയ്ക്കായി ഗർഭിണിയായ അമൃതയ്ക്കൊപ്പം ആശുപത്രിയിലെത്തിയപ്പോഴാണ് പ്രണയ്കുമാറിന് വെട്ടേറ്റത്. ദന്പതികളെ പിന്തുടർന്ന അക്രമിസംഘം വടിവാളുകൊണ്ട് പ്രണയിനെ വെട്ടുകയായിരുന്നു. ഭർത്താവ് മുന്നിൽകിടന്നു പിടയുന്നത് കണ്ട അമൃത സഹായംതേടി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൊലപാതകവുമായി ബന്ധപ്പെട്ട് പ്രണയ്കുമാറിന്റെ (23) ഭാര്യ അമൃതവർഷിണിയുടെ പിതാവ് മാരുതി റാവു, അമ്മാവൻ ശ്രാവണ്‍, ക്വട്ടേഷൻ സംഘാംഗങ്ങൾ എന്നിവർ പോലീസ് പിടിയിലായി.