കോഴിക്കോട്: മദ്യവിൽപനയ്ക്കുള്ള ആപ്പ് തയാറാക്കാനുള്ള സർക്കാരിന്റെ ഓട്ടം കോവിഡിനെ പ്രതിരോധിക്കാനുള്ള ഓട്ടത്തേക്കാൾ വേഗത്തിലാണെന്ന് കെ. മുരളീധരൻ എംപി. ഇത് സർക്കാരിന് ആപ്പാവുമെന്ന കാര്യത്തിൽ സംശയമില്ല.
ബിവറേജസിൽ കൂടി മദ്യം വിൽക്കുന്നതിന് ഒപ്പം ബാറുകളിൽ കൂടിയും മദ്യം വിറ്റാൽ രോഗവ്യാപനത്തിന് ഒപ്പം മദ്യവ്യാപനവും നടക്കും. ഇത് സർക്കാരിന് ആപ്പാവുമോ എന്ന കാര്യത്തിൽ സർക്കാർ വൃത്തങ്ങൾക്കുള്ളിൽ തന്നെ സംശയമുണ്ട്.
പക്ഷെ മുഖ്യമന്ത്രിയെ പേടിച്ച് ആരും മിണ്ടാത്തതാണെന്നും കെ.മുരളീധരൻ കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ തിടുക്കത്തിൽ പരീക്ഷ നടത്താനുള്ള നീക്കം കുട്ടികളെ മാനസിക സംഘർഷത്തിലേക്ക് തള്ളിവിടും.
പലയിടങ്ങളും പെട്ടെന്ന് കണ്ടെയ്ൻമെന്റ് സോൺ ആവുന്ന അവസ്ഥയാണ് നിലവിലുള്ളത്. അതുകൊണ്ട് തന്നെ പരീക്ഷാ സെന്റർ പെട്ടെന്ന് മാറ്റേണ്ട അവസ്ഥയുണ്ടാകും.
ചിലർക്ക് പരീക്ഷയെഴുതാൻ പറ്റാതാവും. ഇത് കുട്ടികളെ വലിയ മാനസിക സംഘർഷത്തിലേക്ക് തള്ളിവിടുമെന്നും കുറച്ചു സമയം കൂടി കഴിഞ്ഞ് പരീക്ഷ നടത്താനുള്ള മാനുഷിക പരിഗണന സർക്കാർ കാണിക്കണണമെന്നും മുരളീധരൻ പറഞ്ഞു.
ലോക്ക് ഡൗൺ അവസാനിക്കാൻ പോകുന്ന സമയത്താണ് മുഖ്യമന്ത്രി ഇപ്പോൾ എംപിമാരെ യോഗത്തിന് വിളിച്ചിരിക്കുന്നത്. അതും എംഎൽഎമാരോടൊപ്പം യോഗത്തിന് ഇരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അങ്ങനെ കൂടെ കൂടിക്കോ എന്ന നിലപാടിന് പിറകെ പോവാൻ ഞങ്ങളില്ല. ചൊവ്വാഴ്ചത്തെ യോഗത്തിൽ പങ്കെടുക്കില്ലെന്നും മുരളീധരൻ പറഞ്ഞു.
ആരാധനാലയങ്ങളുടെ പണമെടുത്ത് ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്താൽ എന്താണ് സംഭവിക്കുക എന്നതിന്റെ ഉദാഹരമാണ് കഴിഞ്ഞ ദിവസം തിരിവിതാംകൂർ ദേവസ്വമെടുത്ത തീരുമാനം.
പണമില്ലാത്തതിനാൽ നിലവിളക്കുകൾ വിൽക്കാൻ പോകുന്നു. ഈയൊരവസ്ഥയുണ്ടാകാതിരിക്കാനാണ് ആരാധനാലയങ്ങളുടെ പണം അവിടത്തെ ആവശ്യത്തിന് മാത്രം ഉപയോഗിക്കാൻ താൻ ആവശ്യപ്പെട്ടതെന്നും മുരളി പറഞ്ഞു.
സ്പ്രിങ്ക്ളർ ഇടപാടിൽ യുഡിഎഫ് ആദ്യഘട്ടത്തിൽ സ്വീക രിച്ച നിലപാട് കൊണ്ടാണ് സർക്കാരിന് അതിൽനിന്നു പിൻവാങ്ങേണ്ടി വന്നത്. കമ്പനിയോട് അവരുടെ പേരും ചിഹ്നവും ഉപയോഗിക്കരുതെന്ന് കോടതി ആവശ്യപ്പെട്ടപ്പോൾ തന്നെ അവർക്ക് മടുത്തിരുന്നു.
ശരീരഭാഗങ്ങൾ ഛേദിക്കപ്പെട്ട ശൂർപ്പണഖയുടെ അവസ്ഥയിലായപ്പോഴാണ് കമ്പനി പിൻവാങ്ങിയത്. പക്ഷെ കോൺഗ്രസ് അങ്ങനെ വിട്ടുകളയില്ല. ഈ ഇടപാടിൽ സിബിഐ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി മുന്നോട്ട് പോവുമെന്നും മുരളീധരൻ അറിയിച്ചു.