പത്തനംതിട്ട: കോവിഡ് ബാധിതയായ പെണ്‍കുട്ടിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസിലെ പ്രതി നൗഫലിനെ സംഭവസ്ഥലത്തെത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തി.
കഴിഞ്ഞ ആറിന് പുലര്‍ച്ചെ അടൂര്‍ വടക്കേടത്തുകാവില് നിന്ന് പന്തളത്തെ ചികിത്സാ കേന്ദ്രത്തിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് പെണ്‍കുട്ടിയെ ആറന്മുളയിലെത്തിച്ച് ആംബുലന്‍സ് ഡ്രൈവര്‍ നൗഫല്‍ ക്രൂരപീഡനത്തിനു വിധേയയാക്കിയത്.
ഇന്നു വരെയാണ് പ്രതി നൗഫലിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയിട്ടുള്ളത്. കൊട്ടാരക്കര സബ് ജയിലില്‍ കഴിഞ്ഞുവന്ന പ്രതിയുടെ കോവിഡ് പരിശോധനകളെല്ലാം നെഗറ്റീവ് ആയതിനേ തുടര്‍ന്നാണ് കസ്റ്റഡി അനുവദിച്ചത്.
സാക്ഷികളെ കാണിച്ചു തിരിച്ചറിഞ്ഞ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയനാക്കിയതായി ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു.
അന്വേഷണ ഉദ്യോഗസ്ഥനായ അടൂര്‍ ഡിവൈഎസ്പി ആര്. ബിനുവിന്റെ നേതൃത്വത്തില്‍ അടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍ ഉള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതിയെ കൃത്യസ്ഥലത്തും മറ്റും എത്തിച്ചു തെളിവെടുപ്പ് നടത്തിയത്.
അന്വേഷണം തുടരുന്നതായും ജില്ലാപോലീസ് മേധാവി പറഞ്ഞു. കേസില്‍ പഴുതടച്ച അന്വേഷണം നടത്തി നിശ്ചിതസമയത്തിനകം പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണസംഘത്തിന് നിര്‍ദേശം നല്‍കിയതായി ജില്ലാപോലീസ് മേധാവി പറഞ്ഞു.