കാഞ്ഞിരപ്പള്ളി: ആംബുലൻസിന് മാർഗതടസമായി കാർ മുന്നിലോടിച്ചെന്ന പരാതിയിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചു.
എന്നാൽ പരാതി അടിസ്ഥാന രഹിതമാണെന്ന് കാറിൽ സഞ്ചരിച്ചിരുന്ന വീട്ടമ്മ മോട്ടോർ വാഹന വകുപ്പിനെ അറിയിച്ചു. കേൾവി സംസാര വൈകല്യമുള്ള മകന് ശ്വാസ തടസമുണ്ടായതിനെ തുടർന്ന് പെരുന്പാവൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ കാഞ്ഞിരപ്പള്ളിയിൽ അവിടേയ്ക്ക് കാറിൽ പോകുകയായിരുന്നെന്ന് കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പ പുതുപ്പറന്പിൽ സീമോൾ സലീം പറഞ്ഞു.
പിതാവിനോടൊപ്പമായിരുന്നു കാറിൽ ഉണ്ടായിരുന്നതെന്നും ഇവർ പറഞ്ഞു. അത്യാസന്ന നിലയിലുള്ള രോഗിയുമായി പോയ ആംബുലൻസിന് മുന്നിൽ മാർഗതടസം സൃഷ്ടിച്ച് കാർ ഓടിയതു സംബന്ധിച്ച് ആംബുലൻസ് ഉടമ തൊടുപുഴ പുതുപ്പരിയാരം മുട്ടത്തുശേരിൽ എം.കെ.അനീഷാണ് ഇതു സംബന്ധിച്ച് മോട്ടോർ വാഹനവകുപ്പിനു പരാതി നൽകിയത്.
കാറിന്റെ നന്പർ സഹിതമാണ് അനീഷ് പരാതി നൽകിയത്. വാഹനം കാഞ്ഞിരപ്പള്ളി രജിസ്ട്രേഷനിലുള്ളതായതിനാൽ തൊടുപുഴ ജോയിന്റ് ആർടിഒയ്ക്കു നൽകിയ പരാതി പിന്നീട് കാഞ്ഞിരപ്പള്ളി ജോയിന്റ് ആർടിഒയ്ക്കു കൈമാറുകയായിരുന്നു.
സീമോളുടെ ചേച്ചിയുടെ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള കാർ മറ്റൊരു ഡ്രൈവറായിരുന്നു ഓടിച്ചിരുന്നത്. ഇവരുടെ മകൻ മുഹമ്മദ് ഫായിസ് (14) കാലടി മാണിക്യമംഗലത്തുള്ള കേൾവി ശക്തി കുറവുള്ള കുട്ടികൾക്കായുള്ള പ്രത്യേക സ്കൂളിലെ വിദ്യാർഥിയാണ്.
കുട്ടിക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെതുടർന്ന് ചൊവ്വാഴ്ച പെരുന്പാവൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. അടിയന്തരമായി ആശുപത്രിയിൽ എത്തേണ്ടതിനാൽ ഹസാർഡ് ലൈറ്റ് ഇട്ടാണ് പോയിരുന്നത്.
തൊടുപുഴ കഴിഞ്ഞപ്പോൾ മുതലാണ് ആംബുലൻസ് കാണുന്നതെന്നും മൂന്ന് തവണ ആംബുലൻസിനെ കടത്തിവിട്ടതായും വീട്ടമ്മ പറഞ്ഞു. എന്നാൽ ആംബുലൻസ് വേഗത കുറഞ്ഞാണ് ഓടിയത്.
ഇതിനിടെ പലവതണ ആശുപത്രിയിൽ നിന്ന് കുട്ടിയുടെ അടുത്തെത്തണമെന്ന് ഫോണ് വിളിയെത്തിയതോടെയാണ് കാർ വേഗത്തിൽ പോയത്.
ആംബുലൻസിന് കയറിപ്പോകാൻ അവസരം നൽകിയെങ്കിലും ഇവർ കയറിപ്പോകാതിരിക്കുകയായിരുന്നെന്നും സീമോൾ മോട്ടോർ വാഹന വകുപ്പ് അധികൃതരെ അറിയിച്ചു.
ആശുപത്രിയിൽ കുട്ടിയെ ചികിത്സിച്ചതിന്റെ രേഖകളും സ്കൂൾ അധികൃതരുടെ വിശദീകരണവും നൽകുമെന്നും വീട്ടുകാർ പറഞ്ഞു. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് ഇവരോട് വിശദീകരണം തേടിയിരുന്നു.