മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമി എന്ന ചിത്രം വിവാദങ്ങളൊഴിയാതെ നില്‍ക്കുകയാണ്. മഞ്ജുവാര്യരാണ് ചിത്രത്തില്‍ മാധവിക്കുട്ടിയായി എത്തുന്നത.് നേരത്തേ ഈ കഥാപാത്രമാകാന്‍ വിദ്യാ ബാലനെയായിരുന്നു പരിഗണിച്ചിരുന്നത്. കഴിഞ്ഞ ദിവസം വിദ്യാബാലനെക്കുറിച്ച് കമല്‍ നടത്തിയ ഒരു പരാമര്‍ശം അത്യധികം വിവാദമായിരുന്നു. സിനിമാ സാംസ്കാരിക വേദികളില്‍ നിന്ന് നിരവധിയാളുകള്‍ കമലിന്റെ വിലയിരുത്തലിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തിരുന്നു.
തന്റെ ചിത്രത്തില്‍ നിന്നും വിദ്യാബാലന് പിന്മാറിയതില് സന്തോഷമേയുള്ളൂവെന്നും വിദ്യായിരുന്നു ആമിയെങ്കില്‍ അതില്‍ കുറച്ചു ലൈംഗികത കടന്നുവരുമെന്നുമായിരുന്നു കമല്‍ പറഞ്ഞത്. ഈ പരാമര്‍ശം മാധ്യമങ്ങളും, നവമാധ്യമങ്ങളും, ദേശീയ മാധ്യമങ്ങളും വരെ വാര്‍ത്തയാക്കി. ഒടുവിലിതാ പ്രസ്തുത വിഷയത്തില്‍ വിദ്യാ ബാലന് തന്നെ പ്രതികരിച്ചിരിക്കുന്നു.
കമലിന്റെ പരാമര്‍ശത്തെക്കുറിച്ച് തനിക്ക് ഒന്നും പറയാനില്ലെന്നും അദ്ദേഹത്തിന് മറുപടി നല്കാന് ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ വിദ്യയുടെ പ്രതികരണം. ‘ഇതിനെക്കുറിച്ച് എനിക്കൊന്നും പറയാനില്ല. കമലിന് മറുപടി നല്കാന് ഉദ്ദേശമില്ല. പ്രത്യേകിച്ച് ഞാന്‍ എല്ലാം അവസാനിപ്പിച്ച സ്ഥിതിയ്ക്ക്.’ഒരു ദേശീയമാധ്യമത്തോടാണ് വിദ്യ ഇതു പറഞ്ഞത്.
‘വിദ്യയ്ക്ക് വേണ്ടി കണ്ടിരുന്ന മാധവിക്കുട്ടിയെ അല്ല മഞ്ജു ചെയ്തിരിക്കുന്നത്. വിദ്യ ചെയ്തിരുന്നെങ്കില്‍ അതില്‍ കുറച്ച് ലൈംഗികതയൊക്കെ കടന്ന് വരുമായിരുന്നു. ഞാന്‍ പോലും ശരിക്ക് ശ്രദ്ധിക്കാത്ത ഒരു ഭാഗമായിരുന്നു അത്. എന്നാല്‍ മഞ്ജു വന്നതിനാല്‍ സാധാരണ തൃശ്ശൂര്‍ക്കാരിയുടെ നാട്ടുഭാഷയില്‍ പെരുമാറുന്ന മാധവിക്കുട്ടിയെ അവതരിപ്പിക്കാനായി. അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ട സ്ത്രീയായിരുന്നെങ്കിലും അടിസ്ഥാനപരമായി അവര്‍ സാധാരണ ഒരു മലയാളി സ്ത്രീ ആയിരുന്നു. അങ്ങനെയുള്ളൊരു കലാകാരിയാകാന്‍ എന്തുകൊണ്ടും വിദ്യാ ബാലനെക്കാള്‍ ചേരുന്നത് മഞ്ജു തന്നെയാണ്.’ കമല്‍ പറഞ്ഞു.