ഇന്ത്യൻ സിനിമാ പ്രേമികൾക്ക് പ്രിയങ്കരിയായി മാറിയ ഹോളിവുഡ്-ഇന്ത്യൻ നടിയാണ് മദ്രാസ് പട്ടണം, ഐ തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തയായ എമി ജാക്സൺ.
എമിയുടെ ആദ്യ പങ്കാളിയായ ജോർജുമായുള്ള വേർപിരിയൽ നേരത്തെ വാർത്തകളിൽ നിറഞ്ഞിരുന്നു. വിവാഹത്തിന് തയാറെടുക്കവേയാണ് ഇവർ വേർപിരിയുന്നുവെന്ന് പ്രഖ്യാപിച്ചത്.
ഹോളിവുഡ് സിനിമ ഗോസിപ്പ് കോളങ്ങളിലൂടെ ശ്രദ്ധനേടിയ നടനും ഗായകനുമായ എഡ് വെസ്റ്റ്വിക്കാണ് എമിയുടെ പുതിയ കാമുകനെന്നാണ് ഗോസിപ്പുകൾ.
കേട്ട വാർത്ത വെറുമൊരു ഗോസിപ്പല്ല തങ്ങൾ പ്രണയത്തിലാണെന്ന് എമി പറയാതെ പറയുന്ന ഒരു ഫോട്ടോയാണ് ഇപ്പോൾ വൈറലാകുന്നത്.
എഡ് വെസ്റ്റ്വിക്കിനൊപ്പം പ്രണയാർദ്രമായി നിൽക്കുന്ന പുതിയ ഫോട്ടോയാണ് എമി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
കൈകൾ കോർത്ത് തെരുവിലൂടെ ചിരിച്ച് ഉല്ലസിച്ചു നടന്നുനീങ്ങുന്ന എമിയുടെയും എഡ് വെസ്റ്റ്വിക്കിന്റെയും ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതിനു പിന്നാലെയാണ് പുതിയ ഫോട്ടോ എമി തന്നെ പങ്കുവച്ചിരിക്കുന്നത്.
കഴിഞ്ഞ ഡിസംബറിൽ സൗദി അറേബ്യയിലെ റെഡ് സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വച്ചാണ് എമിയും എഡ് വെസ്റ്റ്വിക്കും ആദ്യമായി കണ്ടുമുട്ടിയത്.
അവിടെനിന്ന് ആരംഭിച്ച സൗഹൃദമാണ് പ്രണയത്തിലെത്തിയത്. ആ ചടങ്ങിൽ ഇരുവരും ഒരുമിച്ച് ഇരിക്കുന്നതിന്റെയും മറ്റും ചിത്രങ്ങളും അന്ന് വൈറലായിരുന്നു.
വർഷങ്ങളോളം പ്രണയത്തിലായിരുന്നു എമിയും ആദ്യ കാമുകൻ ജോർജും. 2019ൽ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.
അതേവർഷം സെപ്റ്റംബറിൽ തന്നെ ഇവർക്കൊരു ആൺകുഞ്ഞും ജനിച്ചു. കുഞ്ഞ് ജനിച്ചപ്പോൾ ജോർജിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രങ്ങൾ എമി ആരാധകർക്കായി പങ്കുവച്ചിരുന്നു.
ലിവിംഗ് ടുഗെദർ റിലേഷനിലായിരുന്ന എമിയും ജോർജും 2021ൽ വിവാഹിതരാകാൻ തീരുമാനിച്ചിരുന്നു.
എന്നാൽ കൊറോണ വന്നതോടെ വിവാഹം നീണ്ടുപോയി. പിന്നീട് ജോർജുമായി പിരിഞ്ഞതിനാൽ എമി ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ നിന്ന് നീക്കം ചെയ്തു.
പിന്നീടാണ് ഇപ്പോൾ എമി പുതിയ പ്രണയത്തിലാണെന്നു വാർത്ത പ്രചരിച്ചതും അതു വെറും ഗോസിപ്പല്ല എന്നു എമി പറയാതെ പറഞ്ഞിരിക്കുന്നതും.