ബോളിവുഡ് താരം എമി ജാക്സണ് ആണ്‍കുഞ്ഞ് പിറന്നു. സമൂഹമാധ്യമങ്ങളിലൂടെ താരം തന്നെയാണ് അമ്മയായ വിവരം ആരാധകരുമായി പങ്കുവച്ചത്. താരത്തിനും കുഞ്ഞിനും ആശംസകളുമായി ആരാധകർ സോഷ്യൽ മീഡിയ നിറയ്ക്കുകയാണ്. ആൻഡ്രിയാസ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
ഞങ്ങളുടെ മാലാഖ, ഭൂമിയിലേക്ക് സ്വാഗതം…പ്രതിശ്രുത വരൻ ജോർജ് പനയോട്ടിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് എമി കുറിച്ചു.
ജോർജുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ് ഏതാനും മാസങ്ങൾക്കു ശേഷമാണ് താൻ അമ്മയാകുന്നു എന്ന വാർത്ത താരം ആരാധകരെ അറിയിക്കുന്നത്. മേയ് മാസത്തിൽ തങ്ങളുടെ വിവാഹം നിശ്ചയിച്ചെന്നും 2020 ആദ്യം വിവാഹിതരാകുമെന്നും എമി അറിയിച്ചു.
ഗർഭകാലം തുടങ്ങിയപ്പോൾ മുതൽ നിരവധി ചിത്രങ്ങൾ എമി ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. വലിയ വയറും വയറിലെ സ്ട്രെച്ച് മാർക്കും ശരീരത്തിന്റെ ഭാരം വർധിക്കുന്നതുമെല്ലാം എമി കൃത്യമായി തന്റെ ആരാധകരെ അറിയിക്കുകയും ചെയ്യാറുണ്ട്.
27 വയസുള്ള താരം ഇപ്പോൾ ലണ്ടനിലാണ് താമസം. 2010-ൽ മദിരാസിപ്പട്ടണം എന്ന തമിഴ് സിനിമയിലൂടെയാണ് എമി ഇന്ത്യൻ സിനിമയിൽ തുടക്കം കുറിച്ചത്. ശങ്കർ സംവിധാനം ചെയ്ത 2.0ലാണ് എമി അവസാനമായി അഭിനയിച്ചത്.