മുംബൈ: തനുശ്രീ ദത്തയില്‍ നിന്നു കത്തിപ്പടര്‍ന്ന മീടു ക്യാമ്പയ്‌ന്റെ രണ്ടാം എഡീഷന്‍ ദക്ഷിണേന്ത്യന്‍ സിനിമയെയും പ്രകമ്പനം കൊള്ളിക്കുകയാണ്. ഏറ്റവുമൊടുവില്‍ തെന്നിന്ത്യന്‍ സിനിമകളില്‍ നിന്നും നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞ് ധനുഷ് നായകനായ അനേകനിലെ നായിക അമൈറാ ദസ്തറാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഒരു സിനിമയിലെ ഇഴുകിചേര്‍ന്നുള്ള രംഗത്തിനിടെ നായകനും സംവിധായകനും മോശമായി പെരുമാറിയെന്നാണ് നടിയുടെ ആരോപണം. ഇവര്‍ പ്രബലരായതിനാല്‍ പേരു പറയാന്‍ വിസമ്മതിച്ചു കൊണ്ടാണ് നടിയുടെ വെളിപ്പെടുത്തല്‍.
ഒരു ദേശീയമാധ്യമം നടത്തിയ അഭിമുഖത്തിലാണ് നടി താന്‍ നേരിട്ട ദുരനുഭവം വിളിച്ചു പറഞ്ഞത്. കാസ്റ്റിംഗ് കൗച്ചിംഗിന്റെ എന്തെങ്കിലൂം അനുഭവം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് ബോളിവുഡില്‍ നിന്നോ ദക്ഷിണേന്ത്യയില്‍ നിന്നോ കാസ്റ്റിംഗ് കൗച്ചിംഗിന് വിധേയമായിട്ടില്ലെങ്കിലും രണ്ടു സിനിമാരംഗത്ത് നിന്നും അപമാനത്തിന് ഇരയായിട്ടുണ്ടെന്ന് താരം പറഞ്ഞു. അവര്‍ ആരാണെന്നും എന്താണ് ചെയ്തതെന്നും അവര്‍ക്ക് തന്നെ അറിയാം. എന്നാല്‍ മാറ്റത്തിന്റെ തരംഗം ആഞ്ഞടിക്കുമ്പോള്‍ ഈ പദവിക്ക് അവരുടെ പ്രവര്‍ത്തിയില്‍ നിന്നും അവരെ രക്ഷിക്കാന്‍ കഴിയില്ലെന്നേ തനിക്ക് ഇപ്പോള്‍ പറയാനാകു. സിനിമയിലെ അതിശക്തരായതിനാല്‍ അവരുടെ പേര് പറയാനുള്ള ധൈര്യമില്ലെന്നും സുരക്ഷിതത്വം തോന്നാത്തിടത്തോളം കാലം അവര്‍ക്കു നേരെ വിരല്‍ ചൂണ്ടാന്‍ തനിക്കാവില്ലെന്നും നടി പറയുന്നു.
ഒരു സിനിമയിലെ പാട്ടു രംഗത്ത് ആ നടന്‍ തന്നിലേക്ക് ഇഴുകിചേരുന്നെന്നും അതിനിടയില്‍ എന്നെ ഈ സിനിമയില്‍ നായികയായി കിട്ടിയതില്‍ ഏറെ സന്തോഷിക്കുന്നെന്ന് ചെവിയില്‍ പറഞ്ഞു. ഉടന്‍ തന്നെ അയാളെ തള്ളിമാറ്റിയശേഷം പിന്നീട് മിണ്ടാന്‍ പോലും കൂട്ടാക്കിയില്ല. എന്നാല്‍ അതിന് തനിക്ക് നേരിടേണ്ടി വന്നത് മോശം അനുഭവമാണ്. അത് കാര്യമാക്കേണ്ടെന്നും ശ്രദ്ധിക്കേണ്ടെന്നുമായിരുന്നു സംവിധായകന്‍ പറഞ്ഞത്.
സെറ്റിലേക്ക് വളരെ നേരത്തേ വിളിക്കപ്പെടുക മണിക്കൂറുകളോളം തന്റെ ഷോട്ടിനായി കാത്തിരിക്കേണ്ടി വരിക പോലെയുള്ള ദുരനുഭവമായിരുന്നു പിന്നീട്. ഒരു ദിവസം 18 മണിക്കൂര്‍ വരെ കാത്തിരിക്കേണ്ടി വന്നു. അന്ന് 4-5 മണിക്കൂര്‍ ഉറങ്ങാന്‍ കിട്ടുന്നത് പോലും ഭാഗ്യമായിരുന്നെന്നും ഇവര്‍ പറയുന്നു. നടനെ അവഗണിച്ചതിന് അമൈറയ്ക്ക് നടനോട് മാപ്പു പറയേണ്ടി വന്നു. പിന്നീട് മറ്റൊരു സിനിമയുടെ സെറ്റില്‍ ഓരോ ദിവസവും സംവിധായകന്‍ തന്നോട് അലറുകയും യാചിക്കുകയും ചെയ്യുമായിരുന്നമെന്നും അമൈറ പറയുന്നു.
ചില ദിവസങ്ങളില്‍ നന്നേ പുലര്‍ച്ചേ സെറ്റിലേക്ക് വിളിക്കപ്പെട്ടു. 12-13 മണിക്കുറുകള്‍ വാനിറ്റി വാനില്‍ കാത്തിരുത്തിയ ശേഷം അസിസ്റ്റന്റ് ഡറയക്ടറെ കൊണ്ടു പറയിച്ചു ഇന്നു ഷൂട്ട് ചെയ്യാന്‍ പോകുന്നില്ലെന്ന്. ഈ സിനിമയിലേക്ക് എടുത്തത് തന്നെ അയാളുടെ മഹത്വമാണെന്നും പറയിച്ചു. 16 ാം വയസ്സില്‍ മോഡലിംഗിലൂടെ രംഗത്ത് വന്ന അമൈറ ധനുഷ് നായകനായ അനേകനിലെ നായികയായിരുന്നു. സുന്ദീപ് കിഷന്‍ നായകനായ മനസുക്കു നിച്ചിന്തി, രാജ് തരുണ്‍ നായകനായ രാജു ഗുഡു എന്നീ തെലുങ്കു സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
2013 ല്‍ പ്രതീക് ബാബ്ബര്‍ നായകനായ ഇഷാക്ക് എന്ന ബോളിവുഡ് സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ച അമെയ്ര ഇമ്രാന്‍ ഹഷ്മി നായകനായ മിസ്റ്റര്‍ എക്സ്, സെയ്ഫ് അലി ഖാന്റെ കാലാകാന്തി, ജാക്കിചാന്‍ നായകനായ കുംഗ് ഫൂ യോഗ തുടങ്ങി സിനിമകളിലും അഭിനയിച്ചു. രാജ്മാ ചാവല്‍, മെന്റല്‍ ഹേ ക്യാ, ഓടി ഓടി ഉഴയ്ക്കണം എന്നീ ചിത്രങ്ങളാണ് അമൈറയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍. ഓടി ഓടി ഉഴയ്ക്കണം എന്ന തമിഴ് ചിത്രത്തില്‍ സന്താനമാണ് നായകന്‍.