തൊടുപുഴ: അരിക്കൊമ്പന്റെ ആക്രമണത്തില്‍ തമിഴ്നാട്ടിലും മരണം. കഴിഞ്ഞ ശനിയാഴ്ച തമിഴ്നാട്ടിലെ കമ്പത്തിറങ്ങിയ അരിക്കൊമ്പന് ബൈക്കില്‍നിന്നു തട്ടിവീഴ്ത്തിയ കമ്പം സ്വദേശി പാല്‍രാജ് (57) ചികിത്സയ്ക്കിടെ മരിച്ചു.
കമ്പം ടൗണിലൂടെ ഓടുന്നതിനിടെയാണ് പാല്‍രാജ് സഞ്ചരിച്ചിരുന്ന ബൈക്ക് അരിക്കൊന്പൻ തുമ്പിക്കൈകൊണ്ട് തട്ടി വീഴ്ത്തിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പാല്‍രാജിനെ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്.
തലയ്ക്കു പരിക്കേറ്റതിനു പുറമെ എല്ലുകളും ഒടിഞ്ഞിരുന്നു. ആന്തരിക രക്തസ്രാവവുമുണ്ടായി. ഇതാണ് മരണകാരണമായത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
അരിക്കൊമ്പന്റെ ആക്രമണത്തില്‍ ഇതുവരെ 12 പേരാണ് മരിച്ചത്. കേരളത്തില്‍ 11 പേര് അരിക്കൊമ്പന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക കണക്ക്.
ശനിയാഴ്ചയാണ് അരിക്കൊമ്പന് കമ്പം ടൗണിലെത്തിയത്. ആന ടൗണിലൂടെ ഓടുകയും വാഹനങ്ങള്‍ക്കുനേരേ ആക്രമണം നടത്തുകയും ചെയ്തു. പാല്‍രാജിന്റെ ഉള്‍പ്പെടെ അഞ്ചു വാഹനങ്ങളാണ് ആന തകര്‍ത്തത്.
മറ്റ് വാഹനങ്ങളിലുണ്ടായിരുന്നവര്‍ തലനാരിഴയ്ക്കാണ് ആനയുടെ ആക്രമണത്തില്‍ നിന്നു രക്ഷപ്പെട്ടത്. ഇതോടെ കമ്പത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിനായി മയക്കുവെടി വിദഗ്ധരെയും മൂന്നു കുങ്കിയാനകളെയും സ്ഥലത്തെത്തിക്കുകയും ചെയ്തു.
അതിനിടെ കമ്പത്തിനു സമീപം പുളിമരത്തോട്ടത്തില്‍ നിലയുറപ്പിച്ചിരുന്ന ആന വീണ്ടും വനമേഖലയിലേക്കു നീങ്ങിയതോടെ ദൗത്യം അനിശ്ചിതത്വത്തിലായി. നിലവില്‍ ഷണ്മുഖനദി ഡാമിന്റെ പരിസരത്താണ് ആന നിലയുറപ്പിച്ചിരിക്കുന്നത്.
അഞ്ചു വെറ്ററിനറി സര്ജന്മാരും വനപാലകരും അടങ്ങുന്ന വന്‍ സംഘം സ്ഥലത്തേക്കു നീങ്ങിയിട്ടുണ്ട്. സമീപത്ത് ജലാശയമുള്ളതിനാല്‍ ഇവിടെ മയക്കുവെടി വയ്ക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍.
അനുയോജ്യമായ സ്ഥലത്ത് ആനയെ എത്തിച്ച് മയക്കുവെടി വയ്ക്കാനുള്ള തീവ്ര ശ്രമത്തിലാണ് തമിഴ്നാട് ദൗത്യസംഘം. പാല്‍രാജിന്റെ മരണത്തോടെ ഇക്കാര്യത്തില്‍ തമിഴ്നാട് വനംവകുപ്പ് ശക്തമായ നടപടികളുമായാണ് മുന്നോട്ടു പോകുന്നത്. എത്രയും വേഗം അരിക്കൊമ്പനെ മയക്കുവെടി വച്ച് തളയ്ക്കാനാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം.